തിരുവനന്തപുരം: സമീപകാലത്ത് വൈദ്യുതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുണ്ടായ അപകടങ്ങളില്‍ ഭൂരിഭാഗവും സംഭവിച്ചത് വൈദ്യുതി ലൈനുകള്‍ക്ക് സമീപം ഇരുമ്പ്, അലുമിനിയം തോട്ടി ഉപയോഗിക്കുമ്പോള്‍ എന്ന് കണക്കുകള്‍. നിരവധി പേര്‍ക്കാണ് ഇത്തരത്തില്‍ വൈദ്യുതാഘാതമേറ്റ് ജീവഹാനിയുണ്ടാവുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തിട്ടുള്ളത്.
കഴിഞ്ഞകൊല്ലം മാത്രം 41 പേര്‍ക്കാണ് ലോഹ തോട്ടിയുപയോഗിക്കുമ്പോള്‍ വൈദ്യുതിലൈനില്‍ നിന്ന് ഷോക്കേറ്റത്. അതില്‍ 21 പേരും തല്‍ക്ഷണം മരണമടഞ്ഞു. 20 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇക്കൊല്ലം ഇതുവരെ 7 പേരാണ് മരണമടഞ്ഞത്. 2 പേര്‍ക്ക് പൊള്ളലേറ്റു. 2017 മുതലുള്ള അഞ്ചുകൊല്ലത്തിനിടെ 250 അപകടങ്ങളിലായി 132 പേരാണ് മരണമടഞ്ഞത്.
അപകടങ്ങളിലേറെയും സംഭവിച്ചത് വൈദ്യുതി ലൈനിനു സമീപത്തെ പ്ലാവില്‍ നിന്നോ മാവില്‍ നിന്നോ ഫലം ശേഖരിക്കുമ്പോഴാണ്. തോട്ടിയായി രൂപാന്തരം പ്രാപിച്ച പഴയ ദൂരദര്‍ശന്‍ ആന്റിന പൈപ്പും അരയിഞ്ച് ജി.ഐ പൈപ്പുമൊക്കെയാണ് വില്ലന്‍മാരാകുന്നത്. ലോഹനിര്‍മ്മിത തോട്ടികളും കോണികളും ഉപയോഗിക്കുമ്പോള്‍ സമീപത്തെങ്ങും വൈദ്യുതി ലൈനില്ല എന്ന് ഉറപ്പുവരുത്തണമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.