X

ഇലക്ട്രിക് ബസുകള്‍ നയപരമായ തീരുമാനം; ഗണേഷ് കുമാറിനെതിരെ ഇടത് എം.എല്‍.എ

ഇലക്ട്രിക് ബസുകള്‍ വാങ്ങില്ലെന്ന ഗതാഗതവകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ നിലപാടിനെതിരേ എതിര്‍പ്പുമായി ഭരണപക്ഷ എം.എല്‍.എ രംഗത്ത്. സര്‍ക്കാര്‍ നയപരമായി നടപ്പാക്കിയ ഇ- ബസ് നഗരവാസികള്‍ സ്വീകരിച്ചെന്നും ലാഭകരമാക്കുകയാണ് കെ.എസ്.ആര്‍.ടി.സി. ചെയ്യേണ്ടത് എന്നും വി.കെ. പ്രശാന്ത് എം.എല്‍.എ പറഞ്ഞു.

തിരുവനന്തപുരം സോളാര്‍ നഗരമാക്കാനും, ഇലക്ട്രിക് ബസുകള്‍ ഭൂരിഭാഗമാക്കി മലിനീകരണം കുറയ്ക്കാനും നയപരമായി തീരുമാനിച്ച് നിരത്തിലിറക്കിയ ഇലക്ട്രിക് ബസുകള്‍ നഗരവാസികള്‍ ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. ഇതിനെ ലാഭകരമാക്കാനും, കൃത്യമായ മെയിന്റനന്‍സ് സംവിധാനം ഒരുക്കുകയുമാണ് കെ.എസ്.ആര്‍.ടി.സി ചെയ്യേണ്ടത് എന്നായിരുന്നു വി.കെ. പ്രശാന്ത് എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ്.

തിരുവനന്തപുരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇലക്ട്രിക് ബസിന്റെ സേവനം ജനങ്ങള്‍ക്ക് നന്നായി ലഭിക്കുന്നു. സര്‍ക്കാര്‍ നിശ്ചയിച്ചതിന്റെ ഭാഗമായി 10 രൂപ കൊടുത്ത് ജനങ്ങള്‍ ആ വാഹനം ഉപയോഗിക്കുകയാണ്. അപ്പോഴാണ് ഇത്തരം ഒരു നിലപാട് മാറ്റത്തിലേക്ക് എത്തുന്നത്. അത് യോജിക്കാന്‍ പറ്റുന്ന കാര്യമല്ല. ലാഭകരമല്ലാത്തതുകൊണ്ടാണ് ഇതുമാറ്റുന്നത് എന്നാണ് മനസ്സിലാക്കുന്നത്.

എന്നാല്‍ ഇത്രയും നാള്‍ ലാഭകരമാണ് എന്ന കണക്കുകളാണ് പുറത്തുവന്നുകൊണ്ടിരുന്നത്. ലാഭകരമല്ലെങ്കില്‍ ലാഭകരമാക്കുന്നതിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്യണം. സര്‍ക്കാരിന്റെ നയം എന്നത്, ഇലക്ട്രോണിക് വാഹനം ഉപയോഗിക്കുക, മലിനീകരണം കുറക്കുക എന്നതാണ്. അത് തിരുവനന്തപുരം നഗരത്തിലാണ് നടപ്പിലാക്കാന്‍ ഏറ്റവും അനുയോജ്യം വി.കെ. പ്രശാന്ത് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

ഇലക്ട്രിക് ബസ് ലാഭത്തിലല്ല എന്നും അത് വാങ്ങിയവര്‍ക്കും ഉണ്ടാക്കിയവര്‍ക്കും ബസ് എത്രനാള്‍ പോകും എന്ന കാര്യത്തില്‍ ഉറപ്പില്ല എന്നും ഗതാഗതവകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു.

ഇലക്ട്രിക് ബസ് എത്രനാള്‍ പോകും എന്ന കാര്യം ഉണ്ടാക്കിയവര്‍ക്കും അറിയില്ല എനിക്കും അറിയില്ല. അതാണ് യാഥാര്‍ഥ്യം. ഡീസല്‍ വണ്ടി വാങ്ങുമ്പോള്‍ 24 ലക്ഷം രൂപ കൊടുത്താല്‍ മതി. ഇതിന് ഒരു കോടി രൂപ കൊടുക്കണം.

ഈ ഒരു വണ്ടിയുടെ വിലക്ക് നാല് ഡീസല്‍ വണ്ടികള്‍ വാങ്ങിക്കാം. അപ്പോള്‍ നാട്ടില്‍ ഇഷ്ടം പോലെ വണ്ടികാണും. കെ.എസ്.ആര്‍.ടി.സിയുടെ ചെലവ് പരമാവധി കുറച്ച്, വരവ് വര്‍ധിപ്പിച്ചാല്‍ മാത്രമേ കെ.എസ്.ആര്‍.ടി.സിയുടെ അക്കൗണ്ടില്‍ ഉണ്ടാകൂ.

നിലവില്‍ കെ.എസ്.ആര്‍.ടി.സിക്ക് ശമ്പളം കൊടുക്കുന്നതും പെന്‍ഷന്‍ കൊടുക്കുന്നതും സംസ്ഥാന സര്‍ക്കാരാണ്. കെ.എസ്.ആര്‍.ടി.സിയുടെ ചെറിയ ചെറിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കെ.എസ്.ആര്‍.ടി.സിയുടെ തനതായ ഫണ്ട് വേണം എന്നായിരുന്നു ഗതാഗതവകുപ്പ് മന്ത്രി പറഞ്ഞത്.

webdesk13: