ഇലക്ടറൽ ബോണ്ട് വിധിയിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി. നരേന്ദ്രമോദിയുടെ അഴിമതി നയങ്ങളുടെ മറ്റൊരു തെളിവാണ് ഇലക്ടറൽ ബോണ്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കൈക്കൂലിയും കമ്മിഷനും വാങ്ങുന്നതിനുള്ള മാധ്യമമായി ഇലക്ടറൽ ബോണ്ടിനെ ഉപയോഗിച്ചെന്ന് അദ്ദേഹം പറഞ്ഞു.
ബോണ്ട് ഭരണഘടനാ വിരുദ്ധമെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ഇലക്ട്രൽ ബോണ്ട് അസാധുവാക്കി സുപ്രിംകോടതി വിധി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പറഞ്ഞത്. ഇലക്ടറൽ ബോണ്ട് വിവരാകാശ നിയമത്തിന്റെ ലംഘനമാണെന്നും സംഭാവനകളെ കുറിച്ച് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും സുപ്രിംകോടതി നിരീക്ഷിച്ചു.
വിവരങ്ങൾ രഹസ്യമാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രിംകോടതി വ്യക്തമാക്കി. 1000 രൂപ മുതൽ ബോണ്ടുകൾ ലഭ്യമാകും. എസ്ബിഐയുടെ നിശ്ചിത ശാഖകൾ മാത്രമേ ഇലക്ടറൽ ബോണ്ടുകൾ ലഭ്യമാകൂ. അതുകൊണ്ട് തന്നെ എസ്ബിഐയോട് വിവരങ്ങൾ അറിയിക്കാൻ സുപ്രിംകോടതി നിർദേശിച്ചിട്ടുണ്ട്. 2019 മുതലുള്ള വിവരങ്ങൾ നൽകാനാണ് നിർദേശം.
ഇലക്ട്രൽ ബോണ്ടിൽ ആരാണ് പണം നൽകിയതെന്ന് വെളിപ്പെടുത്തേണ്ടതില്ല. സംഭാവന നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്നാണ് ചട്ടത്തിലെ വ്യവസ്ഥ. ഈ വ്യവസ്ഥയ്‌ക്കെതിരെ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്‌സ് റിഫോംസ്, സിപിഐഎം അടക്കമുള്ളവരാണ് പൊതു താൽപര്യ ഹർജി സമർപ്പിച്ചത്. ഈ കേസിലാണ് നിലവിലെ നിർണായക വിധി.