X

സുപ്രീം കോടതി നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് നടത്തണം: മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ അഞ്ചാം വാര്‍ഷികത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. സുപ്രീം കോടതി നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഖാര്‍ഗെ ആവശ്യപ്പെട്ടു. ബി.ജെ.പി കശ്മീരികളെ ബഹുമാനിക്കുകയോ ജനാധിപത്യത്തെ ഉയര്‍ത്തിപ്പിടിക്കുകയോ ചെയ്യുന്നില്ലെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
‘ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയുന്നത് വഴി ജമ്മു കശ്മീരിനെ സമ്പൂര്‍ണമായി സംയോജിപ്പിക്കാനും സാമ്പത്തികമായി വികസിപ്പിക്കാനും ഭീകരവാദവും വിഘടനവാദവും തടയാനും കഴിയുമെന്നാണ് മോദി സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ യാഥാര്‍ത്ഥ്യം ഇതില്‍നിന്ന് വളരെ വ്യത്യസ്തമാണ്,’ എന്ന് ഖാര്‍ഗെ ചൂണ്ടിക്കാട്ടി.
2019 മുതല്‍ ജമ്മു കശ്മീരിലുണ്ടായ 683 ഭീകരാക്രമണങ്ങളിലായി 258 സുരക്ഷാ ഉദ്യോഗസ്ഥര്‍ രക്തസാക്ഷികളായി. 170 സാധാരണക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നും ഖാര്‍ഗെ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്നാം സത്യപ്രതിജ്ഞയ്ക്ക് ശേഷം ജമ്മു കശ്മീരില്‍ 25 ഭീകരാക്രമണങ്ങള്‍ ഉണ്ടായി. 15 സൈനികര്‍ക്ക് ജീവന്‍ നഷ്ടമാവുകയും 27 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകം തുടര്‍ക്കഥയാവുകയാണ്. 2019 മുതല്‍ കശമീരിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ 65 ശതമാനം നിയമനങ്ങള്‍ ഒഴിഞ്ഞ് കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് വര്‍ഷത്തിനുള്ളില്‍ തൊഴില്‍ രഹിതരുടെ എണ്ണം 10 ശതമാനത്തില്‍ നിന്ന് 18.3 ശതമാനത്തിലേക്ക് ഉയര്‍ന്നു. 2015ലെ പ്രധാനമന്ത്രിയുടെ വികസന പദ്ധതി പ്രകാരമുള്ള പാക്കേജിലെ 40 ശതമാനം പ്രവൃത്തികളും ഇനിയും പൂര്‍ത്തികരിച്ചിട്ടില്ല. ജമ്മു കശ്മീരിലെയും ലഡാക്കിലെയും ജനങ്ങള്‍ ഇന്ത്യയിലെ മറ്റ് സാധാരണക്കാരെപ്പോലെ ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ ഖാര്‍ഗെ പറയുകയുണ്ടായി.
സുപ്രീം കോടതി നിശ്ചയിച്ച സമയപരിധികള്‍ക്കുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന് കോണ്‍ഗ്രസ് ശക്തമായി ആവശ്യപ്പെടുകയാണ്. അതിലൂടെ ജനങ്ങള്‍ക്ക് സ്വന്തം പ്രധിനിധികളെ തെരഞ്ഞെടുക്കാനും ഭരണഘടനാപരമായ അവകാശങ്ങള്‍ ഉറപ്പാക്കാനും സാധിക്കുമെന്നും ഖാര്‍ഗെ പറയുകയുണ്ടായി.
2019 ഓഗസ്റ്റ് അഞ്ചിനാണ് കേന്ദ്ര സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്. തുടര്‍ന്ന് സംസ്ഥാനത്തെ ലഡാക്ക്, ജമ്മു കശ്മീര്‍ എന്നിങ്ങനെ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനം സുപ്രീം കോടതി കഴിഞ്ഞ വര്‍ഷം ശരിവെക്കുകയും സെപ്റ്റംബര്‍ 30നകം തെരഞ്ഞെടുപ്പ് നടത്താന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം കോണ്‍ഗ്രസ് ശക്തമാക്കുന്നത്.

webdesk13: