ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ, പഞ്ചാബ് സംസ്ഥാനങ്ങളുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി ഈ വര്‍ഷം ആദ്യം ബിജെപി ചെലവഴിച്ചത് 340 കോടിയിലേറെ തുകയെന്ന് കണക്കുകള്‍. ഏറ്റവുമധികം തുക ചെലവഴിച്ചത് ഉത്തര്‍പ്രദേശിലാണെന്നും പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചിലവ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം അഞ്ച് സംസ്ഥാനങ്ങളുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി കോണ്‍ഗ്രസ് ചെലവഴിച്ചത് 194 കോടി രൂപയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇരു പാര്‍ട്ടികളുടെയും എക്‌സ്‌പെന്റിച്ചര്‍ റിപ്പോര്‍ട്ട് ചൊവ്വാഴ്ച രാത്രി പുറത്തുവിട്ടു. ഓഗസ്റ്റ് 20 ന് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം, 221. 31 കോടി രൂപയാണ് ഉത്തര്‍പ്രദേശില്‍ മാത്രം ബിജെപി പ്രചാരണങ്ങള്‍ക്കായി ചെലവഴിച്ചത്. മണിപ്പൂരില്‍ 23.51 കോടി രൂപയും ഗോവയില്‍ 19.06 കോടിയും പഞ്ചാബില്‍ 36.69 കോടി രൂപയും ഉത്തരാഖണ്ഡില്‍ 43.67 കോടി രൂപയും ബിജെപി പ്രചാരണങ്ങള്‍ക്കായി ചെലവഴിച്ചു. മാത്രമല്ല, വെര്‍ച്വല്‍ ക്യാമ്പയിനിനായി 11.97 കോടി രൂപയും ബിജെപി ചെലവഴിച്ചു.
അതേസമയം ജൂലൈ 11 ന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം കോണ്‍ഗ്രസ് 194.80 കോടി രൂപയില്‍ 102.65 കോടി രൂപ പൊതു പ്രചാരണങ്ങള്‍ക്കും 90.23 കോടി രൂപ ഓരോ സംസ്ഥാനത്തിലെ സ്ഥാനാര്‍ത്ഥികള്‍ക്കായും ചെലവഴിച്ചു. 15.67 കോടി രൂപ സോഷ്യ ല്‍ മീഡിയ ക്യാമ്പയിനുകള്‍ക്കായി ചെലവഴിച്ചതായും വ്യക്തമാക്കുന്നു. ഈ വര്‍ഷം ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടന്നത്. അഞ്ചില്‍ നാല് സംസ്ഥാനങ്ങളിലും ബിജെപി ജയിച്ചപ്പോള്‍ പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടി ഭരണം നേടി. ഈ വര്‍ഷം ജനുവരിയില്‍, സ്ഥാനാര്‍ത്ഥികള്‍ക്ക് ചെലവഴിക്കാവുന്ന തുക തിരഞ്ഞെടുപ്പ് കമ്മീഷന്‍ വര്‍ധിപ്പിച്ചിരുന്നു. സംസ്ഥാന അടിസ്ഥാനത്തില്‍ ലോക്‌സഭാ സ്ഥാനാര്‍ത്ഥികള്‍ക്ക് ചെലവഴിക്കാവുന്ന തുക 54 ലക്ഷത്തി ല്‍ നിന്ന് 75 ലക്ഷമായും 70 ലക്ഷത്തില്‍ നിന്ന് 95 ലക്ഷമായും നിയമസഭയിലേക്ക് 28 ലക്ഷത്തില്‍ നിന്ന് 40 ലക്ഷവു മായുമാണ് വര്‍ധിപ്പിച്ചത്.