X

തിരഞ്ഞെടുപ്പ് ചൂട് പാരമ്യത്തില്‍;ഒന്നാംഘട്ടത്തിന്റെ പരസ്യ പ്രചാരണം ഇന്ന് തീരും

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭയിലേക്ക് നടക്കുന്ന ഒന്നാം ഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് സമാപിക്കും. ഈ മാസം 10നാണ് വോട്ടെടുപ്പ്. മണിക്കൂറുകള്‍ മാത്രം ശേഷിക്കെ തിരഞ്ഞെടുപ്പ് പ്രചാരണം പാരമ്യത്തിലാണ്.

പ്രധാന കക്ഷികളുടേയെല്ലാം ദേശീയ നേതാക്കള്‍ യു.പിയില്‍ തമ്പടിച്ചിട്ടുണ്ട്. ഈ മാസം 14ന് നടക്കുന്ന യു.പി രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന്റേയും അതേ ദിവസം ഒറ്റഘട്ടമായി ജനവിധി നടക്കുന്ന ഉത്തരാഖണ്ഡിലേയും ഗോവയിലേയും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളും പാരമ്യത്തിലെത്തിയിട്ടുണ്ട്. ഒരു വര്‍ഷത്തോളം നീണ്ട കര്‍ഷക പ്രക്ഷോഭവും കോവിഡ് പ്രതിസന്ധിയും ബി.ജെ.പിയുടെ രാഷ്ട്രീയ സാധ്യതകളെ ബാധിക്കുമോ എന്നതടക്കം വിലയിരുത്തപ്പെടുന്ന ജനവിധിയെ അതീവ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്.

എസ്.പിയില്‍ അഖിലേഷ് യാദവിന്റെ നേതൃത്വത്തില്‍ എസ്.പി – ആര്‍.എല്‍.ഡി സഖ്യം വലിയ പ്രതീക്ഷ പുലര്‍ത്തുമ്പോള്‍ ഭരണം നിലനിര്‍ത്താനുള്ള തീവ്രയജ്ഞത്തിലാണ് ആദിത്യനാഥും ബി.ജെ.പിയും. പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസും നില മെച്ചപ്പെടുത്താനുള്ള കഠിന പ്രയത്‌നത്തിലാണ്. ഏഴു ഘട്ടമായാണ് യു.പിയില്‍ ജനവിധി നടക്കുന്നത്. ഇതില്‍ വ്യാഴാഴ്ച നടക്കുന്ന ഒന്നാംഘട്ട ജനവിധിയില്‍ 12 ജില്ലകളിലായി 58 നിയമസഭാ മണ്ഡലങ്ങളാണ് ബൂത്തിലെത്തുന്നത്. ഒമ്പത് സീറ്റുകള്‍ സംവരണ മണ്ഡലങ്ങളാണ്. 623 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.

Test User: