ന്യൂഡല്‍ഹി: ദേശീയ രാഷ്ട്രീയത്തിലെ നിര്‍ണായക വിധി കാത്ത് രാജ്യം. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ ഫല സൂചനകള്‍ രാവിലെ എട്ടരയോടെ ലഭിച്ചു തുടങ്ങും. 12 മണിയോടെ അഞ്ചു സംസ്ഥാനങ്ങളെയും ആരു നയിക്കുമെന്ന വ്യക്തമായ ചിത്രമറിയാന്‍ സാധിക്കും. അഞ്ചു സംസ്ഥാനങ്ങളിലെയും വോട്ടെട്ടുപ്പ് ഫലം വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണായക സ്വാധീനമായിരിക്കുമെന്നാണ് വിലയിരുത്തല്‍.
തെരഞ്ഞെടുപ്പ് ഫലമറിയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. മൊത്തം 157 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ഇതില്‍ യു.പിയില്‍ മാത്രം 78 കേന്ദ്രങ്ങളില്‍ വോട്ടെണ്ണല്‍ നടക്കുന്നുണ്ട്. ഏഴു ഘട്ടങ്ങളിലായാണ് യു.പിയില്‍ തെരഞ്ഞെടുപ്പ് നടന്നത്. 403 അംഗങ്ങളുള്ള ഉത്തര്‍പ്രദേശില്‍ കേവല ഭൂരിപക്ഷത്തിന് 202 സീറ്റുകള്‍ വേണം. മണിപ്പൂരില്‍ 60ഉം പഞ്ചാബില്‍ 117ഉം ഉത്തരാഖണ്ഡില്‍ 70ഉം ഗോവയില്‍ 40ഉം സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
വിധി കാത്ത് രാജ്യം; ആദ്യ ഫലസൂചനകള്‍ എട്ടരയോടെ
Tags: election result