ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതിനു പിന്നാലെ വിവിധ സംസ്ഥാനങ്ങളില്‍ വ്യാപക അക്രമ സംഭവങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച സര്‍ക്കുലറില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ക്രമസമാധാനം ഉറപ്പു വരുത്താനും സമാധാനാന്തരീക്ഷം നിലനിര്‍ത്താനും സംസ്ഥാന സര്‍ക്കാറുകള്‍ ശ്രദ്ധ പുലര്‍ത്തണം.
സംഘര്‍ഷ സാധ്യതയുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കണം. സ്‌ട്രോങ് റൂമുകള്‍ക്കും വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കും മതിയായ സുരക്ഷ ഉറപ്പാക്കണമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ സര്‍ക്കുലര്‍ എന്നാണ് വിവരം. ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, ബിഹാര്‍, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളില്‍ വലിയ തോതിലുള്ള സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പ്. പശ്ചിമബംഗാളില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഏഴു ഘട്ടങ്ങളിലും സംഘര്‍ഷങ്ങള്‍ അരങ്ങേറിയിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് മുന്നറിയിപ്പ്.
ഇതിനിടെ കാസര്‍ക്കോട് ജില്ലയിലെ പെരിയയിലും കല്യോട്ടും ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് നടപടി. പെരിയ, കല്യോട്ട് ടൗണുകളുടെ 500 മീറ്റര്‍ ചുറ്റളവിലാണ് നിരോധനാജ്ഞ ബാധകം.
- 5 years ago
chandrika