X

തിരഞ്ഞെടുപ്പ് ഫലം പറയുന്നത്- കെ.പി ജലീല്‍

കെ.പി ജലീല്‍

ഫെബ്രുവരി ആദ്യവാരം അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭാതിരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തില്‍ പഞ്ചാബ് തലസ്ഥാനമായ ചണ്ഡീഗഡിലെ പി.സി.സി ആസ്ഥാനത്തെത്തിയപ്പോള്‍ അവിടെ ആകെയുണ്ടായിരുന്നത് വെറും മൂന്നുപേരായിരുന്നു. മൂവരും വലിയകെട്ടിടത്തിന് മുന്നിലെ മുറ്റത്തൊരിടത്ത് കസേരയിട്ടിരിക്കുന്നു. അവരോട് കോണ്‍ഗ്രസ് നേതാക്കളാരെങ്കിലുമുണ്ടോ, കേരളത്തില്‍നിന്നുള്ള പത്രക്കാരാണെന്ന് ആരാഞ്ഞു. കസേരയില്‍ കാലിന്മേല്‍കാലും കയറ്റിവെച്ചിരിക്കുന്ന അവര്‍ കാവല്‍ക്കാരോ പ്രവര്‍ത്തകരോ ആണെന്ന് തോന്നി. ചോദ്യംകേട്ട് അനങ്ങാതെയും ഒന്ന് പുഞ്ചിരിക്കാതെ പോലുമിരുന്ന അവരുടെ ഭാവഹാദികള്‍ തീര്‍ത്തും ഞെട്ടിച്ചെന്ന് പറയേണ്ടതില്ലല്ലോ. ജനാധിപത്യത്തിന്റെ ഉല്‍സവമാണ് തിരഞ്ഞെടുപ്പുകള്‍. ഏതൊരു തിരഞ്ഞെടുപ്പുഘട്ടത്തിലും പാര്‍ട്ടി ഓഫീസുകളിലും പ്രവര്‍ത്തകരിലുമുണ്ടാകേണ്ട യാതൊരുവിധ ഉല്‍സാഹവും അവരില്‍കണ്ടില്ല. പക്ഷേ ഇതിന് നേര്‍വിപരീതമാണ് തൊട്ടടുത്ത മഹാനഗരമായ അമൃത്‌സറിലെ മറ്റൊരുപാര്‍ട്ടിയായ ആം ആദ്മിയുടെ ആസ്ഥാനത്ത് കണ്ടത്. അവിടെ നിറയെ ആളുകള്‍. എല്ലാവരിലും സര്‍ക്കാര്‍ ഉണ്ടായിക്കഴിഞ്ഞെന്ന തരത്തിലുള്ള ആവേശവും ആത്മവിശ്വാസവും. നേതാക്കള്‍ വിളിച്ചിരുത്തി ചായതന്ന് എന്തുവേണമെങ്കിലും ചോദിച്ചോളൂ എന്ന അര്‍ത്ഥത്തില്‍ സ്വീകരിക്കുന്നു. ഇന്നലെ പഞ്ചാബിലെയും യു.പി.അടക്കമുള്ള മറ്റ് നാല് സംസ്ഥാനങ്ങളിലെയും വോട്ടെടുപ്പുഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ മനസ്സിലോടിയെത്തിയത് ഈരംഗങ്ങളായത് സ്വാഭാവികം.

പഞ്ചാബിലും ഉത്തര്‍പ്രദേശിലും യഥാക്രമം ആംആദ്മി പാര്‍ട്ടിയും ബി.ജെ.പിയും മൂന്നില്‍രണ്ട് ഭൂരിപക്ഷത്തോടെ വിജയം നേടുമ്പോള്‍ അതൊരു ചരിത്രസംഭവമാകുന്നത് ഈ പാര്‍ട്ടികളുടെ പ്രവര്‍ത്തകരുടെ കൈമെയ് മറന്നുള്ള പ്രവര്‍ത്തനഫലമാണെന്ന് പറയാന്‍ മടിക്കേണ്ടതില്ല. ജനാധിപത്യത്തില്‍ വോട്ടര്‍മാരാണ് എല്ലാത്തിനും മുകളില്‍. അവരുടെ പ്രയാസങ്ങളും വികാരങ്ങളും പരിഗണിക്കാതെ മുന്നോട്ടുപോയാല്‍ എന്താകും വിധിയെന്നതിന് ഉത്തമദൃഷ്ടാന്തമാണ് അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുഫലങ്ങള്‍. പഞ്ചാബിലും യു.പിയിലും അഭിപ്രായം ആരാഞ്ഞവരില്‍ ഏതാണ്ടെല്ലാവരും തന്ന മറുപടികള്‍ മതിയായിരുന്നു ആരാണ് അവിടങ്ങളില്‍ വിജയിക്കാന്‍ പോകുന്നുവെന്നതിന് തെളിവ്.

2017ല്‍ 312 സീറ്റുകള്‍ നേടിയ യു.പിയിലെ ബി.ജെ.പിക്ക് ഇത്തവണ അത്രയും സീറ്റുകള്‍നേടാനായില്ലെങ്കിലും വലിയൊരു വിഭാഗം ജനങ്ങള്‍ക്കിടയില്‍ സ്വാധീനം തുടരാനായതിന് കാരണം വര്‍ഗീയതക്കൊപ്പം ജനങ്ങള്‍ ഏറെ ഭയപ്പെട്ടിരുന്ന ഗുണ്ടാരാജ് അവസാനിപ്പിക്കാനായതാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം സംഘടനാതലത്തില്‍ തകര്‍ന്നിരിക്കുകയാണെന്ന് യു.പി വിളിച്ചോതുമ്പോള്‍ മുമ്പുണ്ടായിരുന്നതില്‍നിന്ന് വലിയൊരുവിഭാഗം ആളുകള്‍ ആപാര്‍ട്ടിയെ കൈവിട്ടുവെന്നാണ് പഞ്ചാബ് വിളിച്ചോതുന്നത.് അഞ്ചില്‍ പഞ്ചാബിലെങ്കിലും ഉണ്ടായിരുന്ന അധികാരവും ഇതോടെ അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. നേതാക്കളുടെ പരസ്പരമുള്ള കാലുവാരലും അധികാര മോഹവുമാണ് പഞ്ചാബില്‍ കോണ്‍ഗ്രസിനെ മുട്ടുകുത്തിച്ചതെങ്കില്‍ തൊട്ടടുത്ത ഡല്‍ഹിയിലെ ഭരണമാതൃകയും ജനങ്ങള്‍ക്കിടയിലും പ്രത്യേകിച്ച് പാവപ്പെട്ടവരിലേക്കും ഇറങ്ങി തങ്ങളുടെ ആശയം പ്രചരിപ്പിക്കാന്‍ പ്രൊഫഷണല്‍ രീതിയില്‍ ശ്രമിച്ചതാണ് ആം ആദ്മിയെ വന്‍വിജയത്തിലേക്കെത്തിച്ചത്. ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളിലെയും പ്രധാനപ്രത്യേകത കോണ്‍ഗ്രസിന് വലിയ തിരിച്ചടി നേരിട്ടുവെന്നതാണ്. ബി.ജെ.പി പ്രയോഗിച്ചത് വര്‍ഗീയതക്കൊപ്പം ഉറച്ചതും കെട്ടുറപ്പുള്ളതും തൊഴുത്തില്‍കുത്തില്ലാത്തതുമായ നേതൃനിരയാണെങ്കില്‍ കോണ്‍ഗ്രസിന് ഉത്തരാഖണ്ഡിലും ഗോവയിലും വിനയായത് തങ്ങളുടെ മതേതര ആശയങ്ങള്‍ അതര്‍ഹിക്കുന്നതും വിശ്വസനീയവുമായ രീതിയില്‍ അവതരിപ്പിക്കാന്‍ കഴിയാതിരുന്നതാണ്. കേന്ദ്രസര്‍ക്കാര്‍ സകല സംവിധാനങ്ങളും ഉപയോഗിച്ച് പ്രതിപക്ഷനേതാക്കളെയും പ്രവര്‍ത്തകരെയും ഭയപ്പെടുത്തിയതും അവരുടെ സംഘടനാസംവിധാനത്തെ ബലഹീനമാക്കിയെന്നും കരുതാം.

പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടിയുടെ വിജയം അവരുടെ ദേശീയതലത്തിലേക്കുള്ള ചുവടുവെയ്പായി വേണം കാണാന്‍. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ കഴിഞ്ഞ പത്തുവര്‍ഷമായി അധികാരത്തിലിരിക്കുമ്പോഴും അവര്‍ക്ക് ഹരിയാനയിലേക്കും പഞ്ചാബിലേക്കും യു.പിയിലേക്കുമൊന്നും തൊട്ടടുത്തായിട്ടുപോലും പ്രവര്‍ത്തനം വിപൂലീകരിക്കാനായില്ല.അതിന് കാരണം നേതാക്കളുടെ അഭാവമായിരുന്നു. ആ പാര്‍ട്ടി ഡല്‍ഹിയിലെ അരവിന്ദ് കെജ്‌രിവാളിന്റെ മാത്രമാണെന്ന തോന്നലാണ് നേതാക്കളില്‍ ഉളവാക്കിയത്. അതുകൊണ്ടുതന്നെ അതില്‍ ചേക്കാറാന്‍ അധികമാരും കൂട്ടാക്കിയില്ല. എന്നാല്‍ പ്രൊഫഷണല്‍രീതിയില്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന യുവാക്കളുടെ വലിയനിര അതിന്റെ സംഘാടനം ഏറ്റെടുത്തു. ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും ഇതരസംസ്ഥാനങ്ങളില്‍നിന്നുളള നേതാക്കളും ആംആദ്മിയുടെ പഞ്ചാബിലെ ചുക്കാന്‍ പിടിച്ചു. ഗ്രാമപ്രദേശങ്ങളില്‍,മുക്കും മൂലകളില്‍ അവര്‍ നേരില്‍ചെന്ന് അവരുടെ പരിഭവങ്ങളും പരിവേദനങ്ങളും കേട്ടു. പഞ്ചാബില്‍ കോണ്‍ഗ്രസിനെതിരായി ഉയര്‍ന്ന വികാരം അവര്‍ക്ക് ഭരിക്കാന്‍ അറിയില്ലെന്നായിരുന്നു. ആദ്യം മുതലേ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍സിംഗും ഉപമുഖ്യമന്ത്രി നവ്‌ജ്യോത്‌സിംഗ് സിദ്ദുവും തമ്മിലുള്ള ചേരിപ്പോരാണ് ഉയര്‍ന്നുകേട്ടത്. കൊറോണകാലത്ത് അടച്ചിടേണ്ടിവന്ന സമ്പദ് രംഗത്തിന് താങ്ങാകാന്‍ സര്‍ക്കാരിനായില്ല. കര്‍ഷകരുടെ മോദി ചതച്ചരച്ച വികാരങ്ങള്‍ വോട്ടാക്കാനും കോണ്‍ഗ്രസിന് കഴിഞ്ഞില്ല.

ഉത്തര്‍പ്രദേശില്‍ കര്‍ഷകരും ജാട്ട് ജാതിവിഭാവും വന്‍തോതില്‍ ബി.ജെ.പിയില്‍നിന്ന് അകന്നെങ്കിലും അത് ചിന്നിച്ചിതറുന്നതാണ് ഫലത്തില്‍ സംഭവിച്ചത്. ബി.ജെ.പിയുടെ വര്‍ഗീയ രാഷ്ട്രീയമാകട്ടെ അവരെ വീണ്ടും തുണക്കുകയും ചെയ്തു. 80 ശതമാനം ഹിന്ദുക്കളും 20 ശതമാനം മുസ്്‌ലിംകളും തമ്മിലാണ് മല്‍സരമെന്ന മുഖ്യമന്ത്രി യോഗിആദിത്യനാഥിന്റെ വാചകം ജനത്തിനിടയിലെ വേര്‍തിരിവ് വലുതാക്കി. തൊഴിലില്ലായ്മയും കൊറോണ ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ഗംഗയുടെ ഓളങ്ങളിലും തീരങ്ങളിലും അലഞ്ഞത് മറക്കാന്‍മാത്രം വര്‍ഗീയതയും യോഗിയുടെ അടക്കമുള്ള നേതൃനിരയും ബി.ജെ.പിയെ സഹായിച്ചു. ഉത്തര്‍ഖണ്ഡില്‍ കഴിഞ്ഞതവണത്തേക്കാള്‍ സീറ്റുകള്‍ നേടാന്‍ ബി.ജെ.പിക്കായത് അവരുടെ ഈയൊരു സംഘടനാസംവിധാനമാണ്. യു.പിയിലെ ബി.എസ്.പിയുടെ പരാജയവും തെളിയിക്കുന്നത് സംഘടനയുടെ ദൗര്‍ബല്യംതന്നെ. കന്‍ഷിറാമിന്റെ ഏകധ്രുവനേതൃത്വത്തിലുള്ള ബി.എസ്.പി പിന്നീട് സര്‍ക്കാരുണ്ടാക്കുന്ന രീതിയില്‍ വളര്‍ന്നിട്ടും അതിനെ തുടര്‍ച്ചയായി നിലനിര്‍ത്താന്‍ മായാവതിയെന്ന പുതിയ നേതൃത്വത്തിന് കഴിഞ്ഞില്ല. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക പരമാവധി യോഗങ്ങളില്‍ ഓടിനടന്ന് പ്രചാരണം നടത്തിയിട്ടും മതേതരത്വത്തെക്കുറിച്ച് വാചാലമായിട്ടും അതൊന്നും വോട്ടാക്കാനാവാഞ്ഞത് ജനങ്ങള്‍ എത്രകണ്ട് വര്‍ഗീയതയില്‍ അഭയം തേടിയെന്നതിന് തെളിവാണ്. ആ പാര്‍ട്ടിക്ക് സംസ്ഥാനതലത്തില്‍ കാര്യമായൊരു നേതൃനിരപോലും ഇല്ലാതിരുന്നത് പഴയ യു.പി ഭരണകക്ഷിയിന്മേലുള്ള പുതിയ തലമുറയിലെ വിശ്വാസം നഷ്ടപ്പെടുത്തി. കഴിഞ്ഞ തവണത്തെ ഏഴില്‍നിന്ന് രണ്ടിലേക്ക് സീറ്റുകളുടെ സംഖ്യ കുറഞ്ഞത് തെളിയിക്കുന്നത് കോവിഡും തൊഴിലില്ലായ്മയും ജാതിക്കൊലകളുമൊന്നുമല്ല അതിനേക്കാള്‍ പ്രധാനം ജനങ്ങളുടെ തലച്ചോറിനകത്തേക്ക് കടന്നുചെല്ലാനുള്ള സംഘടനാ മെഷിനറിയാണ്. അതാണ് ഈ പഞ്ചഅങ്കത്തിന്റെ ആകെത്തുക. ഇതിനിടെ ഒരുകാര്യം സത്യം: ബി.ജെ.പിയുടെയും ആര്‍.എസ്.എസ്സിന്റെയും അജണ്ട പൊളിക്കാന്‍ വേണ്ടത് മഹാരാഷ്ട്ര മാതൃകയിലുള്ള സഖ്യമാണ്.

Test User: