ന്യൂഡല്‍ഹി: സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പ്രകടനം നിരാശപ്പെടുത്തുന്നതാണെന്ന് ആം ആദ്മി പാര്‍ട്ടി. തെരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണങ്ങള്‍ പരിശോധിക്കുമെന്നും ആവശ്യമായ തിരുത്തലുകള്‍ വരുത്തി മുന്നോട്ടു പോകുമെന്നും മുതിര്‍ന്ന നേതാവ് അശുതോഷ് പറഞ്ഞു.
പഞ്ചാബില്‍ ഭൂരിപക്ഷം നേടുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചിരുന്നെങ്കിലും ഇവിടെ രണ്ടാം സ്ഥാനത്തെത്താനേ എ.എ.പിക്ക് കഴിഞ്ഞുള്ളൂ. ഏറെ പ്രതീക്ഷ പുലര്‍ത്തിയിരുന്ന ഗോവയില്‍ ഒരു സീറ്റ് പോലും നേടാന്‍ കഴിഞ്ഞതുമില്ല. ഡല്‍ഹിക്ക് പുറത്ത് എ.എ.പിക്ക് വിലാസം നല്‍കുന്ന തെരഞ്ഞെടുപ്പ് എന്ന പ്രതീക്ഷയാണ് ഇതോടെ അസ്തമിച്ചത്. പഞ്ചാബിലും ഗോവയിലും ഇത്തരമൊരു ഫലം പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഡല്‍ഹി മന്ത്രിയും എ.എ.പി നേതാവുമായ കപില്‍ മിശ്ര പറഞ്ഞു. വോട്ടെണ്ണലിന്റെ തത്സമയ വിവരങ്ങള്‍ വിലയിരുത്തുന്നതിനായി അശുതോഷ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെല്ലാം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിലെത്തിയിരുന്നു.