X

രാജ്യത്തിന്റെ ‘വിധി’ നാളെയറിയാം; വിവിപാറ്റ് എണ്ണുന്നതോടെ ഫലം വൈകും

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം നാളെയറിയാം. രാജ്യം ഉറ്റുനോക്കുന്ന വിധിയുടെ വോട്ടെണ്ണല്‍ ആരംഭിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണുള്ളത്. നാളെ രാവിലെ എട്ട് മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. രാഹുലോ അതോ മോദി തന്നെയോ, ആരാകും അടുത്ത പ്രധാനമന്ത്രി എന്നതാണ് ജനം ഉറ്റുനോക്കുന്നത്.

ഏപ്രില്‍ 23 നായിരുന്നു കേരളത്തില്‍ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് നടന്നത്. സംസ്ഥാനത്ത് 29 ഇടത്തായി 140 കേന്ദ്രങ്ങളിലാണ് നാളെ വോട്ടെണ്ണല്‍ നടക്കുക. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. അതിനു ശേഷം സര്‍വീസ് വോട്ടുകളുടെ സ്‌കാനിങ് ആരംഭിക്കും. വോട്ടിങ് യന്ത്രങ്ങളിലെ വോട്ട് രാവിലെ 8.30 മുതല്‍ എണ്ണി തുടങ്ങും. എട്ട് മണിക്ക് ശേഷം ലഭിക്കുന്ന തപാല്‍ വോട്ടുകള്‍ എണ്ണില്ല. എട്ടരയോടെ ആദ്യ ഫലസൂചനകള്‍ ലഭിക്കാന്‍ തുടങ്ങും.

ഇത്തവണ വോട്ടിങ് യന്ത്രങ്ങളിലെ വോട്ടിന് പുറമേ വിവിപാറ്റ് രസീതുകള്‍ കൂടി എണ്ണേണ്ടതുണ്ട്. ഒരു നിയോജക മണ്ഡലത്തിലെ അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്നാണ് സുപ്രീം കോടതി ഉത്തരവ്. വിവിപാറ്റ് രസീതുകള്‍ കൂടി എണ്ണേണ്ട സാഹചര്യം ഉള്ളതിനാല്‍ അന്തിമ ഫലം അറിയാന്‍ ഉച്ച കഴിയും. നാളെ ഉച്ചയോടെ തന്നെ ഏകദേശ ഫലസൂചനകള്‍ ലഭിക്കുമെങ്കിലും ഒദ്യോഗിക പ്രഖ്യാപനം വൈകാനാണ് സാധ്യത.

വോട്ടെണ്ണല്‍ ദിവസം സുരക്ഷയ്ക്കായി 22,640 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഒരു നിയമസഭാ മണ്ഡലത്തിലെ വോട്ടെണ്ണലിന് 14 മേശകളുണ്ടാകും.

മേയ് 19 നാണ് രാജ്യത്ത് അവസാന ഘട്ട വോട്ടെടുപ്പ് നടന്നത്. ഏഴ് ഘട്ടങ്ങളിലായാണ് രാജ്യം ഇത്തവണ വിധിയെഴുതിയത്. എക്‌സിറ്റ് പോളുകളില്‍ എന്‍ഡിഎക്കാണ് മുന്‍തൂക്കം.

chandrika: