X
    Categories: indiaNews

ഹിമാചലില്‍ ഇഞ്ചോടിഞ്ച്;തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു

ന്യൂഡല്‍ഹി: ഹിമാചല്‍ തിരഞ്ഞെടുപ്പിന്റെ ചിത്രം തെളിഞ്ഞു. കോണ്‍ഗ്രസും ബി. ജെ. പിയും തമ്മില്‍ എല്ലാ സീറ്റുകളിലും നേര്‍ക്കുനേര്‍ പോരാട്ടമാണ് നടക്കുന്നത്. ഹില്‍ സംസ്ഥാനമായ ഹിമാചലില്‍ ആം ആദ്മി പാര്‍ട്ടി മത്സര രംഗത്തുണ്ടെങ്കിലും മിക്ക മണ്ഡലങ്ങളിലും സാന്നിധ്യം അറിയിക്കാന്‍ ഇതുവരെ ആയിട്ടില്ല.

2.25 ലക്ഷം സര്‍ക്കാര്‍ ജീവനക്കാരുള്ള സംസ്ഥാനത്ത് 1.5 ലക്ഷം പേരും പുതിയ പെന്‍ഷന്‍ പദ്ധതിക്ക് കീഴിലാണ്. പഴയ രീതിയിലുള്ള പെന്‍ഷനും തൊഴിലില്ലായ്മയുമാണ് സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് വിഷയങ്ങളില്‍ പ്രധാനം. വിലപ്പെരുപ്പവും അഴിമതി രഹിത ഭരണവും ആപ്പിള്‍ ഉല്‍പാദന ചിലവിലെ വര്‍ധനവുമാണ് മറ്റു തിരഞ്ഞെടുപ്പ് വിഷയങ്ങളില്‍ പ്രധാനപ്പെട്ടവ. പഴയ രീതിയിലെ പെന്‍ഷന്‍ പുനസ്ഥാപിക്കാനാവില്ലെന്നും സംസ്ഥാനത്തെ ധനസ്ഥിതിക്ക് അനുസൃതമായാണ് പുതിയ പെ ന്‍ഷന്‍ പദ്ധതി കൊണ്ടുവന്നതെന്നുമാണ് ഭരണ കക്ഷിയായ ബി. ജെ.പി പറയുന്നത്. എന്നാല്‍ അധികാരത്തിലെത്തിയാല്‍ പഴയ പെന്‍ഷന്‍ സ്‌കീം പുനസ്ഥാപിക്കുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. തൊഴിലില്ലായ്മ ഇത്തവണ മുഖ്യ തിരഞ്ഞെടുപ്പ് വിഷയമാണ്.

വ്യവസായ മേഖലയില്‍ പ്രദേശവാസികള്‍ക്ക് 75 ശതമാനം സംവരണമാണ് പാര്‍ട്ടികളുടെ വാഗ്ദാനം. സംസ്ഥാനത്ത് 8,77,507 പേരാണ് ഔദ്യോഗിക കണക്ക് പ്രകാരം തൊഴിലില്ലാത്തവര്‍. ആകെ ജനസംഖ്യയുടെ 12 ശതമാനം വരും ഇത്. ഇതിന് പുറമെ മൂന്ന് പതിറ്റാണ്ടിന് ശേഷം ആപ്പിള്‍ കര്‍ഷകരുടെ പ്രക്ഷോഭവും ഭരണ കക്ഷിയായ ബി.ജെ.പിയെ ഉലക്കുന്നുണ്ട്. ആപ്പിള്‍ പെട്ടികള്‍ക്ക് ജി.എസ്.ടിയില്‍ ആറു ശതമാനം വര്‍ധനവ് വരുത്തിയതിനെതിരെ ആപ്പിള്‍ ഉത്പാദകര്‍ കഴിഞ്ഞ ഏതാനും മാസമായി പ്രതിഷേധത്തിലാണ്. ഇതിനു പുറമെ പെട്ടികളില വെക്കുന്ന കാര്‍ഡ്‌ബോര്‍ഡ് ട്രേകളുടെ വില വര്‍ധിച്ചതും ഉത്പാദന ചിലവ് കൂട്ടിയിട്ടുണ്ട്. വളങ്ങളുടേയും കീടനാശിനികളുടേയും വില വര്‍ധനവും സംസ്ഥാനത്തെ തിരഞ്ഞെടുപ്പില്‍ വലിയ ചലനമുണ്ടാക്കുമെന്ന് രാഷ്ട്രീയ വിദഗ്ധനായ ബി.ഡി ശര്‍മ പറയുന്നു. ഭരണ കക്ഷിയായ ബി. ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ മുഴുവന്‍ സീറ്റുകളിലും അതിശക്തമായ പോരാട്ടമാണ് നടക്കുന്നത്. ആംആദ്മി പാര്‍ട്ടി എവിടേയും ചിത്രത്തില്‍ പോലുമില്ല.

ബി.ജെ.പിയും കോണ്‍ഗ്രസും മാറിമാറി അധികാരത്തിലെത്തുന്ന സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ശക്തമാണെന്നാണ് വിലയിരുത്തല്‍. ഇത് മുതലെടുത്ത് അധികാരത്തില്‍ തിരിച്ചെത്താമെന്ന ഉറച്ച പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. സുപ്രധാനമായ ഒരു ഭരണ നേട്ടം പോലും ഉയര്‍ത്തിക്കാട്ടാനില്ലാതെയാണ് ബി.ജെ.പി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങളും തിരിച്ചടിയാകുമെന്ന് പാര്‍ട്ടി ഭയക്കുന്നു. അഞ്ചു വര്‍ഷം കഴിഞ്ഞാല്‍ ഭരണമാറ്റമെന്നതാണ് ഹിമാചലിലെ പതിവ് രീതി. അടുത്ത മാസം 12നാണ് വോട്ടെടുപ്പ്.

Test User: