തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രശ്‌ന ബാധിത ബൂത്തുകളുടെ സുരക്ഷാ ചുമതല കേന്ദ്ര സേനക്ക്. കേരള പൊലീസിന് ബൂത്തിനു പുറത്തായിരിക്കും ചുമതല. മറ്റുള്ള ബൂത്തുകളില്‍ ഇടകലര്‍ന്നായിരിക്കും ഡ്യൂട്ടി.
പ്രശ്‌നം സൃഷ്ടിക്കുന്നവര്‍ക്ക് കേരള പൊലീസ് ഒത്താശ ചെയ്യുന്നുവെന്ന ആരോപണം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്നു ഇതേ തുടര്‍ന്നാണ് ഇത്തവണ കേരള പൊലീസിനെ പടിക്ക് പുറത്താക്കിയത്. സംസ്ഥാനത്ത് 1,218 പ്രശ്‌ന ബാധിതവും സങ്കീര്‍ണവുമായ പോളിങ് ബൂത്തുകളാണുള്ളത്. ഇതില്‍ 549 പ്രശ്‌നബാധിത ബൂത്തുകളും 433 പ്രശ്‌ന സാധ്യത ബൂത്തുകളും 298 മാവോയിസ്റ്റ് ഭീഷണിയുള്ള ബൂത്തുകളുമുണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്ക്.
150 കമ്പനി കേന്ദ്ര സേനയെ ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ 30 കമ്പനി സേന കേരളത്തിലെത്തിയിട്ടുണ്ട്. ബി.എസ്.എഫിന്റെ 15, ഐ.ടി.ബി.പി, എസ്.എസ് ബി, സി.ഐ.എസ്. എഫ് എന്നിവയുടെ അഞ്ച് വീതം കമ്പനികളാണ് എത്തിയത്. ഒരു കമ്പനിയില്‍ 90 പേരാണുള്ളത്.
രണ്ടു കമ്പനി ബി.എസ്.എഫിനെ വീതം കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഒരുകമ്പനി തൃശൂരും വിന്യസിച്ചിട്ടുണ്ട്. പൊലീസിനെയും കേന്ദ്ര സേനയെയും മൂന്നംഗ സമിതിയാണ് നിയന്ത്രിക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ, എ.ഡി.ജി.പി മനോജ് എബ്രഹാം, സി.ഐ.എസ്.എഫ് കമാന്‍ഡര്‍ സന്ദീപ് കുമാര്‍ എന്നിവരാണ് സമിതിയില്‍. സംസ്ഥാനത്തെ ക്രമസമാധാനം ഉള്‍പ്പെടെ ഈ സമിതിയുടെ കീഴിലായിരിക്കും. കേന്ദ്ര സേനയെ വിന്യസിക്കുന്നതിന് സഹായിക്കാനായി എ.ഡി.ജി.പി പത്മകുമാറിനെയും തെരഞ്ഞെടുപ്പ് കമ്മിഷന്‍ ചുമതപ്പെടുത്തിയിട്ടുണ്ട്.