X

‘ഇനി അങ്കപ്പുറപ്പാട്’ ; തെരഞ്ഞെടുപ്പിന് സജ്ജമായി യുഡിഎഫ്

ഫിര്‍ദൗസ് കായല്‍പ്പുറം

തിരുവനന്തപുരം:തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതോടെ മുന്നണികള്‍ ഇനി അങ്കത്തട്ടിലേക്ക്.സീറ്റ് വിഭജനവും സ്ഥാനാര്‍ത്ഥി നിര്‍ണയവും പൂര്‍ത്തിയാക്കി പരമാവധി നേരത്തെ ഇറങ്ങാനാണ് സംസ്ഥാനത്തെ മൂന്ന് മുന്നണികളും ശ്രമിക്കുക. കേരളം പോളിംഗ് ബൂത്തിലേക്ക് പോകാന്‍ 37 ദിവസം മാത്രമാണുള്ളത്. രാഷ്ട്രീയ വിവാദങ്ങളുടെ വേലിയേറ്റത്തിനിടെയാണ് തെരഞ്ഞെടുപ്പ് വരുന്നത്. സ്വാഭാവികമായും പ്രചാരണഘട്ടങ്ങളില്‍ പതിവിനപ്പുറം വീറും വാശിയും അലയടിക്കും. സ്പ്രിംഗ്ലര്‍ ഇടപാട്,കെഫോണ്‍-ലൈഫ് മിഷന്‍ അഴിമതി, പിന്‍വാതില്‍ നിയമനങ്ങള്‍,ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ ഉള്‍പ്പെടെ മുഖം നഷ്ടപ്പെട്ട ഇടതുമുന്നണി പിടിവള്ളി തേടുകയാണ്. അതുകൊണ്ടു തന്നെ കൂടുതല്‍ പുതുമുഖങ്ങളെ രംഗത്തിറക്കി കളംനിറയാനാകും സിപിഎമ്മിന്റെ തീരുമാനം. മേഖലാ ജാഥക്കിടെ എ.വിജയരാഘവന്‍ നടത്തിയ ന്യൂനപക്ഷ വിരുദ്ധ പരാമര്‍ശം തിരിച്ചടിയാകുമെന്ന് സിപിഎം വിലയിരുത്തുന്നുണ്ട്. ന്യൂനപക്ഷ വര്‍ഗീയതയാണ് അപകടകരം എന്ന വിജയരാഘവന്റെ പ്രസ്താവനയ്‌ക്കെതിരായ പ്രതികരണം ന്യൂനപക്ഷങ്ങളില്‍ നിന്നുണ്ടായേക്കും.

എന്നാല്‍ സിപിഎം ഏറെ ഭയക്കുന്നത് ആഴക്കടല്‍ മത്സ്യബന്ധന കരാറാണ്. സംസ്ഥാനത്തെ പന്ത്രണ്ട് ലക്ഷത്തോളം മത്സ്യതൊഴിലാളികളെയും അനുബന്ധ തൊഴിലാളികളെയും അവരെ ആശ്രയിച്ചുകഴിയുന്ന ആയിരക്കണക്കിന് കുടുംബങ്ങളുടെ ജീവിതമാര്‍ഗം അമേരിക്കന്‍ കമ്പനിക്ക് വില്‍ക്കാന്‍ ശ്രമിച്ച വിവാദ കരാര്‍ പ്രതിപക്ഷത്തിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ് റദ്ദാക്കിയത്.

ഏറ്റവും അടുത്ത ദിവസങ്ങളില്‍ തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് വോട്ടര്‍മാര്‍ക്ക് മുന്നിലെത്താന്‍ കഴിഞ്ഞാല്‍ മുന്നണികള്‍ക്ക് പ്രചാരണത്തിന് കൂടുതല്‍ സമയം ലഭിക്കും.മുന്‍കാലങ്ങളിലേതു പോലെ കൂടുതല്‍ പ്രവര്‍ത്തകരെ രംഗത്തിറക്കി പ്രചാരണം കൊഴുപ്പിക്കാനാവില്ല.കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്.അതുകൊണ്ടു തന്നെ കൂടുതല്‍ ദിവസം പ്രചാരണത്തിന് ഉപയോഗിക്കാനായാല്‍ അത് മുന്നണികള്‍ക്ക് ഗുണംചെയ്യും. തെരഞ്ഞെടുപ്പിന് നേരിടാന്‍ യുഡിഎഫ് സജ്ജമാണെന്ന് കണ്‍വീനര്‍ എം.എം ഹസന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും വൈകാതെ എല്ലാ നടപടികളും പൂര്‍ത്തിയാക്കി യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ രംഗത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിലെ കണക്കുകള്‍ വെച്ച് തുടര്‍ഭരണം സ്വപ്‌നം കാണുകയാണ് എല്‍ഡിഎഫ്. റേഷന്‍ കടകളിലൂടെ നല്‍കിയ ഭക്ഷ്യക്കിറ്റുകളും ക്ഷേമപെന്‍ഷന്‍ വിതരണവും വോട്ടാകുമെന്ന് പ്രതീക്ഷയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് എക്കാലത്തും ഇടതുമുന്നണിക്ക് നേരിയ മേല്‍ക്കൈ നല്‍കുന്നതാണെന്നും തുടര്‍ന്നുവന്നിട്ടുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ഫലം അതായിരുന്നില്ലെന്നുമാണ് യുഡിഎഫ് നേതൃത്വം വ്യക്തമാക്കുന്നത്.മാത്രമല്ല, ഐശ്വര്യ കേരളയാത്രയുടെ വന്‍ വിജയം യുഡിഎഫിന് ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്. യാത്രയിലുടനീളം ലഭിച്ച ജനപിന്തുണ യുഡിഎഫിന്റെ പ്രതീക്ഷയ്ക്ക് അപ്പുറമായിരുന്നു. വിവിധ തലങ്ങളില്‍ നിന്നുള്ള ആയിരങ്ങളാണ് യാത്രയില്‍ അണിചേര്‍ന്നത്. സിനിമാ,സാംസ്‌കാരിക രംഗത്തെ പ്രമുഖരും യുഡിഎഫ് വേദിയിലെത്തിയത് ശ്രദ്ധേയമായി.

രണ്ട് കോടി 67 ലക്ഷത്തിലേറെ വോട്ടര്‍മാരുള്ള സംസ്ഥാനത്ത് 5,79.033 പേര്‍ പുതിയ വോട്ടര്‍മാരാണ്. 221 ട്രാന്‍സ് ജന്‍ഡര്‍ വോട്ടര്‍മാരും ഇത്തവണ വോട്ട് ചെയ്യും. വോട്ടര്‍ പട്ടികയുടെ അന്തിമ കണക്കില്‍ ഇനിയും വോട്ടര്‍മാര്‍ കൂടിയേക്കാം. കോവിഡ് രോഗികള്‍ക്കും 80 വയസ് കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പോസ്റ്റല്‍ വോട്ടിന് അനുമതിയുണ്ട്.

 

 

 

 

Test User: