ഇലക്ഷന്‍ ബൂത്തുകളില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം പ്രദര്‍ശിപ്പിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയും അദ്ദേഹത്തിന്റെ ഭാര്യയും. താമര ചിഹ്നം അടങ്ങിയ ബിജെപിയുടെ പതാകയുടെ നിറമുള്ള ഷാളുകള്‍ ധരിച്ചാണ് ഇവര്‍ ബൂത്തുകള്‍ സന്ദര്‍ശിച്ചത്. മുഖ്യമന്ത്രി ധാമിയുടെയും ഉത്തരാഖണ്ഡ് ബിജെപിയുടെയും ട്വിറ്റര്‍ അക്കൗണ്ടുകളില്‍ പാര്‍ട്ടി ചിഹ്നം പ്രദര്‍ശിപ്പിച്ചുകൊണ്ട് ഇവര്‍ ബൂത്തുകളില്‍ സന്ദര്‍ശനം നടത്തുന്ന ചിത്രങ്ങളുണ്ട്.
ധാമി ജനവിധി തേടുന്ന ഖാതിമ മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും ധാമിയും ഭാര്യയും സന്ദര്‍ശിച്ചിരുന്നു. ഇതോടെ ഗുരുതര തിരഞ്ഞെടുപ്പ് ചട്ട ലംഘനമാണ് ഉണ്ടായിരിക്കുന്നത്. പാര്‍ട്ടി ചിഹ്നം, പതാക, പോസ്റ്ററുകള്‍, മറ്റു പ്രചാരണ വസ്തുക്കള്‍ എന്നിവ പോളിംഗ് ബൂത്തുകളിലും നിശ്ചിത ദൂരപരിധിയിലും പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടം. അതേസമയം, ധാമിയും ഭാര്യയും പാര്‍ട്ടി പ്രവര്‍ത്തകരും ബിജെപി ഷാള്‍ പ്രദര്‍ശിപ്പിച്ച് ബൂത്തിലെത്തിയെങ്കിലും സുരക്ഷാ ജീവനക്കാരോ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോ ഇവരെ തടഞ്ഞിരുന്നില്ല. എഎപി ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി സമര്‍പ്പിച്ചിട്ടുണ്ട്.