X

റഷ്യ വോട്ട് ചെയ്തു; പുടിന്‍ പ്രതീക്ഷയില്‍

മോസ്‌കോ: പ്രതിപക്ഷ ബഹിഷ്‌കരണങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും മധ്യേ റഷ്യയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്‍ നാലാം തവണയും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. ഏഴ് സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ടെങ്കിലും പുടിന്‍ വിജയിക്കുമെന്നാണ് അഭിപ്രായ സര്‍വേകളെല്ലാം പ്രവചിക്കുന്നത്.
വോട്ടെടുപ്പ് കഴിഞ്ഞ ഉടനെ പുറത്തുവന്നുകൊണ്ടിരിക്കുന്ന സൂചനകളും പുടിന് അനുകൂലമാണ്. വോട്ടെടുപ്പ് അട്ടിമറിച്ച് വിജയം ഉറപ്പാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു. പുടിന്റെ വിജയം ഉറപ്പിച്ച പോലെയാണ് മോസ്‌കോയില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്. ക്രെംലിന് സമീപം വിജയപ്രഖ്യാപനം നടത്തി പുടിന്‍ സംസാരിക്കാറുള്ള വേദി സജ്ജമായിക്കഴിഞ്ഞു. ഒരു ലക്ഷത്തോളം പോളിങ് സ്‌റ്റേഷനുകളിലായി 10.9 കോടി സമ്മതിദായകര്‍ വോട്ട് രേഖപ്പെടുത്തി. 145 രാജ്യങ്ങളിലെ റഷ്യക്കാര്‍ക്കും വോട്ടു ചെയ്യാന്‍ സൗകര്യമൊരുക്കിയിരുന്നു. ട്രെയിനുകള്‍, ആസ്പത്രികള്‍, സൈനിക താവളങ്ങള്‍ എന്നിവിടങ്ങളിലും വോട്ട് രേഖപ്പെടുത്താന്‍ സൗകര്യമൊരുക്കിയിരുന്നു.
വടക്കന്‍ മേഖലയില്‍ ഹെലികോപ്ടറുകളിലാണ് ഉദ്യോഗസ്ഥരെയും പോളിങ് സാമഗ്രികളും കൊണ്ടുപോയത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ റഷ്യന്‍ ക്രൂ കമാന്‍ഡര്‍ ആന്റണ്‍ സ്‌കപ്ലറോ വെര്‍ച്വല്‍ വോട്ടിങ് സ്‌റ്റേഷനില്‍ വോട്ട് ചെയ്തു. ഉക്രൈനില്‍നിന്ന് റഷ്യ പിടിച്ചെടുത്ത ക്രീമിയയിലെ ജനങ്ങളും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പങ്കെടുത്തു. പുടിന്‍ അവസാന തെരഞ്ഞെടുപ്പ് റാലി നടത്തിത് ക്രീമിയയിലായിരുന്നു. വോട്ടെടുപ്പിന്റെ തലേദിവസം പ്രചാരണങ്ങള്‍ പാടില്ലെന്നാണ് നിയമമെങ്കിലും പുടിന്റെ പ്രവര്‍ത്തനങ്ങളെ വാഴ്ത്തുന്ന ക്രീമിയ എന്ന ഡോക്യുമെന്ററി സ്‌റ്റേറ്റ് ടെലിവിഷന്‍ സംപ്രേക്ഷണം ചെയ്തു. തെരഞ്ഞെടുപ്പിന് മുന്നോടിയായി പുടിന്‍ എതിരാളികളെ മുഴുവന്‍ അടിച്ചമര്‍ത്തിയിരുന്നു. പ്രധാന എതിരാളിയായ പ്രതിപക്ഷ നേതാവ് അലെക്‌സി നാവല്‍നിയെ ജയിലിലടച്ചിരിക്കുകയാണ്.
തനിക്കെതിരെയുള്ള കേസുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. പുടിന്‍ ഏകാധിപത്യ സ്വഭാവത്തോടെ നടത്തുന്ന വോട്ടെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് പുടിനും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും ആവശ്യപ്പെട്ടു. പോളിങ് ശതമാനം കുറയുമെന്ന് ഭയന്ന് റഷ്യന്‍ പൗരന്മാരെ വോട്ടിങ് കേന്ദ്രങ്ങളിലെത്തിക്കാന്‍ ഭരണകൂടം എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു. പ്രാദേശിക ഹിതപരിശോധനകള്‍, സംഗീതം, പ്രൊഫഷണല്‍ ട്രെയിനിങ് തുടങ്ങിയ ആകര്‍ഷകങ്ങളായ പല പരിപാടികളും പോളിങ് സ്‌റ്റേഷനുകള്‍ക്ക് സമീപം സംഘടിപ്പിച്ചിരുന്നു.
വോട്ടര്‍മാരെ ബലമായി കൊണ്ടുപോയതായി ആരോപണമുണ്ട്. പുടിന്‍ അനുകൂല സംഘടനകളും ഔദ്യോഗിക സംവിധാനങ്ങളും വോട്ടര്‍മാരെ പോളിങ് സ്‌റ്റേഷനുകളില്‍ എത്തിക്കുന്നതിന് പ്രത്യേക വാഹനം ഏര്‍പ്പാടാക്കിയിരുന്നു. പോളിങ് ശതമാനത്തിലെ കുറവ് പുടിന്റെ വിജയത്തിന് തിളക്കം കുറക്കുമെന്ന ഭയമാണ് ഇത്തരമൊരു നീക്കത്തിന് കാരണമെന്ന് പ്രതിപക്ഷം പറയുന്നു.

chandrika: