X

പാകിസ്താന്‍ തെരഞ്ഞെടുപ്പ് ചൂടില്‍

 

ഇസ്്‌ലാമാബാദ്: പാകിസ്താനില്‍ പൊതുതെരഞ്ഞെടുപ്പിന് രണ്ടുനാള്‍ ബാക്കിയിരിക്കെ പ്രചാരണം മൂര്‍ദ്ധന്യത്തിലെത്തി. ആരോപണ പ്രത്യാരോപണങ്ങളുമായി മുഖ്യധാരാ പാര്‍ട്ടികള്‍ പിടിമുറുക്കിയിരിക്കുകയാണ്. ഭരണകക്ഷിയായ പാകിസ്താന്‍ മുസ്്‌ലിം ലീഗും(പി.എം.എല്‍-എന്‍), പാക് മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ഇമ്രാന്‍ ഖാന്റെ തെഹ്‌രീകെ ഇന്‍സാഫും പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയും തമ്മിലാണ് മുഖ്യ പോരാട്ടം. അഞ്ചു വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയാണ് പി.എം.എല്‍-എന്‍ ജനങ്ങളെ സമീപിക്കുന്നതെങ്കിലും ഭരണത്തുടര്‍ച്ചയെന്ന സ്വപ്‌നത്തിന് തിരിച്ചടി നല്‍കി ഷരീഫും മകള്‍ മര്‍യമും ഇപ്പോള്‍ ജയിലിലാണ്. അഴിമതി ആരോപണങ്ങള്‍ പാര്‍ട്ടിയെ തളര്‍ത്തിയിട്ടുണ്ട്. പ്രധാനമന്ത്രി പദം സ്വപ്‌നം കാണുന്ന ഇമ്രാന്‍ ഖാന്‍ പതിവിലേറെ പ്രതീക്ഷയിലാണ്. ഇമ്രാന്‍ ഖാനെ വിജയിപ്പിക്കാന്‍ പാക് സൈന്യം ഇറങ്ങിക്കളിക്കുന്നതായി ആരോപണമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ അത്തരം യാതൊരു ബന്ധവുമില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. രണ്ടാം തവണയും പി.എം.എല്‍-എന്‍ അധികാരത്തില്‍ വരുന്നത് ഒഴിവാക്കാന്‍ സൈന്യം ശ്രമിക്കുന്നതായും വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്നു. വോട്ടെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 10.596 കോടി വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും. 272 അംഗ ദേശീയ അസംബ്ലിയിലേക്ക് 3459 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ട്. നാല് പ്രവിശ്യ അസംബ്ലികളിലെ 577 ജനറല്‍ സീറ്റുകളിലേക്ക് 8,396 പേരും മത്സരിക്കുന്നു. തീവ്രവാദ ഭീഷണിയും അക്രമങ്ങളും സമാധാനപരമായ വോട്ടെടുപ്പിന് ഭീഷണിയാണ്.

chandrika: