X

പാകിസ്താനില്‍ വോട്ടെടുപ്പിനിടെ ചാവേറാക്രമണം: 31 പേര്‍ കൊല്ലപ്പെട്ടു

 

കനത്ത പട്ടാളക്കാവലില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ പാക്കിസ്ഥാനില്‍ ബോംബ് സ്‌ഫോടനം. കുട്ടികളും പൊലീസുകാരും ഉള്‍പ്പെടെ 31 പേര്‍ മരിച്ചതായി പാക് മാധ്യമം ‘ജിയോ ടിവി’ റിപ്പോര്‍ട്ട് ചെയ്തു. ക്വറ്റ ഈസ്‌റ്റേണ്‍ ബൈപാസില്‍ പോളിങ് സ്‌റ്റേഷനു പുറത്ത് ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. നിരവധി പേര്‍ക്കു പരുക്കേറ്റു.

പതിവു പട്രോളിങ് നടത്തുന്ന പൊലീസ് വാഹനത്തിനു സമീപമാണ് സ്‌ഫോടനം നടന്നത്. പോളിങ് സ്‌റ്റേഷന് അകത്തേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ച ചാവേറിനെ പൊലീസ് തടഞ്ഞതിനു പിന്നാലെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ബോംബ് സ്‌ക്വാഡ് പൊട്ടാതെ കിടന്ന ഗ്രനേഡുകള്‍ നിര്‍വീര്യമാക്കി. പരുക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രിക്കു ചുറ്റിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

നേരത്തേ, ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ അവാമി നാഷനല്‍ പാര്‍ട്ടിയുടെ (എഎന്‍പി) സ്ഥാനാര്‍ഥി ദാവൂദ് അചക്‌സായിയെ തിരഞ്ഞെടുപ്പു യോഗത്തിനിടെ ഭീകരര്‍ വെടിവച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ അദ്ദേഹം അപകടനില തരണം ചെയ്തു. കുറച്ചുദിവസങ്ങള്‍ക്കു മുന്‍പ് തിരഞ്ഞെടുപ്പു റാലിക്കു നേരെയുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ 149 പേരാണു കൊല്ലപ്പട്ടത്. ഒന്‍പതു കുട്ടികള്‍ ഉള്‍പ്പെടെ 186 പേര്‍ക്കു പരുക്കേറ്റു. പെഷാവറിലെ മറ്റൊരു സ്‌ഫോടനത്തില്‍ അവാമി നാഷനല്‍ പാര്‍ട്ടി (എഎന്‍പി) സ്ഥാനാര്‍ഥി ഹാറൂണ്‍ ബിലോര്‍ ഉള്‍പ്പെടെ 19 പേര്‍ കൊല്ലപ്പെട്ടിരുന്നു. പൊതുതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന എല്ലാ സ്ഥാനാര്‍ഥികള്‍ക്കും ഭീകരരുടെ വധഭീഷണിയുണ്ട്.

രാവിലെ എട്ടിനാണു പാക്കിസ്ഥാനില്‍ പോളിങ് ആരംഭിച്ചത്. 3.70 ലക്ഷം സൈനികരുടെ കാവലിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള രാജ്യചരിത്രത്തിലെ ഏറ്റവും വലിയ സൈനിക വിന്യാസമാണിത്. മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ് അഴിമതിക്കേസില്‍ കഴിഞ്ഞമാസം മുതല്‍ ജയിലിലാണ്. അദ്ദേഹത്തിന്റെ പാര്‍ട്ടിയായ പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗ്–നവാസ് അഞ്ചുവര്‍ഷം ഭരണം തികച്ചശേഷമാണു തിരഞ്ഞെടുപ്പു നേരിടുന്നത്.

നാഷനല്‍ അസംബ്ലിയിലെ 272 സീറ്റുകളിലേക്ക് 3459 സ്ഥാനാര്‍ഥികളും നാലു പ്രവിശ്യാ നിയമസഭകളിലേക്കുള്ള 577 സീറ്റുകളിലേക്ക് 8396 സ്ഥാനാര്‍ഥികളും ജനവിധി തേടുന്നു. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം പാലിച്ചാണു സൈനികര്‍ പ്രവര്‍ത്തിക്കുകയെന്നു കരസേനാ മേധാവി ജനറല്‍ ഖമര്‍ ബജ്‌വ വ്യക്തമാക്കി.

chandrika: