ന്യൂഡല്‍ഹി: ഔദ്യോഗിക പ്രഖ്യാപനം വരും മുമ്പെ കര്‍ണാടക തെരഞ്ഞെടുപ്പ് തിയതി പരസ്യപ്പെടുത്തിയ ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യയെ ഒഴിവാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്വേഷണ പ്രഹസനം. അന്വേഷണത്തിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ച ടേംസ് ഓഫ് റഫറന്‍സിലാണ് അമിത് മാളവ്യയുടെ പേര് ഒഴിവാക്കിയത്. അതേസമയം കര്‍ണാടകയിലെ ഐ.ടി പ്രചാരണ വിഭാഗത്തിന്റെ ചുമതലയുള്ള ശ്രീവാസ്തവയെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
തിയതി നേരത്തെ പ്രഖ്യാപിച്ച മാധ്യമങ്ങളെയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതീവ സ്വകാര്യതയുള്ള വോട്ടെടുപ്പ് തിയതി ഭരണകക്ഷിയിലെ പ്രമുഖ നേതാവിന് മുന്‍കൂട്ടി ചോര്‍ന്നു കിട്ടിയത് കഴിഞ്ഞ ദിവസം തന്നെ തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. ഇതേക്കുറിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന്, സമഗ്രമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി റാവത്ത് തന്നെ ഉറപ്പു നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇതിന് വിരുദ്ധമായാണ് തെരഞ്ഞെടുപ്പ് തിയതി ചോര്‍ത്തി പുറത്തുവിട്ട ബി.ജെ.പി നേതാവിനെ ഒഴിവാക്കി അന്വേഷണത്തിന്റെ ടേംസ് ഓഫ് റഫറന്‍സ് നിശ്ചയിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷത സംബന്ധിച്ച് കൂടുതല്‍ ദുരൂഹതയുയര്‍ത്തുന്നതാണ് നടപടി. സീനിയര്‍ ഡപ്യൂട്ടി ഇലക്ഷന്‍ കമ്മീഷണര്‍ ഉമേഷ് സിന്‍ഹയുടെ നേതൃത്വത്തിലുള്ള ആറംഗ അന്വേഷണ സമിതിയെ ചൊവ്വാഴ്ച തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതേക്കുറിച്ച് പരിശോധിക്കാന്‍ നിയോഗിച്ചിരുന്നു.
ഈ സമിതിക്ക് നല്‍കിയ ടേംസ് ഓഫ് റഫറന്‍സിലാണ് ബി.ജെ.പി നേതാവിനെ ഒഴിവാക്കിയത്. ഏഴു ദിവസത്തിനകം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സമിതിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ അമിത് മാളവ്യ നല്‍കിയ വിശദീകരണം കണക്കിലെടുത്താണ് അദ്ദേഹത്തിന്റെ പേര് ടേംസ് ഓഫ് റഫറന്‍സില്‍നിന്ന് ഒഴിവാക്കിയതെന്ന് മുതിര്‍ന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആദ്യ ഘട്ടത്തില്‍ രണ്ട് പേരുകള്‍ മാത്രമാണ് തങ്ങള്‍ക്ക് മുന്നിലെത്തിയത്. അമിത് മാളവ്യയും ടൈംസ് നൗ ചാനലും. എന്നാല്‍ ടൈംസ് നൗ ചാനല്‍ പുറത്തുവിട്ട ബ്രേക്കിങ് ന്യൂസ് ആണ് താന്‍ അടിസ്ഥാനമാക്കിയതെന്നും വിവരം ചോര്‍ത്തിയിട്ടില്ലെന്നും മാളവ്യ കമ്മീഷന് വിശദീകരണം നല്‍കിയിരുന്നു. താന്‍ മാത്രമല്ല, കോണ്‍ഗ്രസ് നേതാവ് ശ്രീവാസ്തവയും ഇതേ വിവരം മുന്‍കൂട്ടി ട്വീറ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കിയിരുന്നു.
ഇത് കണക്കിലെടുത്ത കമ്മീഷന്‍ മാളവ്യയെ ഒഴിവാക്കി ശ്രീവാസ്തവയെ ഉള്‍പ്പെടുത്തുകയായിരുന്നു. അതേസമയം മാളവ്യയെ പൂര്‍ണമായി ഒഴിവാക്കി എന്ന് ഇതിന് അര്‍ത്ഥമില്ലെന്നും അന്വേഷണ സംഘത്തിന് ആവശ്യമെന്ന് തോന്നുന്ന പക്ഷം അദ്ദേഹത്തിനെതിരെക്കൂടി പരിശോധന നടത്താമെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.