X
    Categories: CultureMoreViews

കര്‍ണാടകയില്‍ കോണ്‍ഗ്രസിനെതിരായ ബി.ജെ.പി.യുടെ മൂന്ന് പരസ്യങ്ങള്‍ നിരോധിച്ചു

ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസിന് എതിരേയുള്ള ബി.ജെ.പിയുടെ മൂന്ന് പരസ്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിരോധിച്ചു. കെ.പി. സി.സിയുടെ പരാതിയെത്തുടര്‍ന്ന് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിങ് കമ്മിറ്റിയാണ് നടപടിയെടുത്തത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പരസ്യമായി ലംഘിച്ചതായി കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെ.പി.സി.സി) പ്രതിനിധികള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ജനവിരുദ്ധ സര്‍ക്കാര്‍, പരാജയപ്പെട്ട സര്‍ക്കാര്‍ എന്നീ മുദ്രാവാക്യവുമായി ഇറക്കിയ വീഡിയോ പരസ്യങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതായി ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് കണ്ടെത്തിയത്.

പരസ്യം സംപ്രേഷണം ചെയ്യുന്നതിനും പ്രചരിപ്പിക്കുന്നതും വിലക്ക് ഏര്‍പ്പെടുത്തിയതായി ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് കമ്മിഷണര്‍ ഹര്‍ഷ പി. എസ്. അറിയിച്ചു. ഏപ്രില്‍ 22നാണ് ഈ പരസ്യചിത്രങ്ങള്‍ക്ക് എം. സി. എം. സി . അനുവാദം നല്‍കിയത്. കര്‍ണാടകയില്‍ മെയ് 12 നാണ് നിയമസഭാ തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുമെന്നാണ് ഭൂരിപക്ഷ അഭിപ്രായ സര്‍വെകളും പ്രവചിക്കുന്നത്. കോണ്‍ഗ്രസിന്റെ പ്രകടനപത്രിക കഴിഞ്ഞദിവസം പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പുറത്തിറക്കിയിരുന്നു. കഴിഞ്ഞ തവണത്തെ വാഗ്ദാനങ്ങള്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ നടപ്പാക്കിയതായി രാഹുല്‍ വ്യക്തമാക്കിയിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: