ബി.ജെ.പി സ്ഥാനാര്‍ത്ഥിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. പര്‍വേഷ് വര്‍മക്കെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. ഡല്‍ഹി മുഖ്യമന്ത്രി അതിഷിയും എ.എ.പി പ്രതിനിധികളും നല്‍കിയ പരാതിയിലാണ് നടപടി.
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയാണ് പര്‍വേഷ്. ബി.ജെ.പി സ്ഥാനാര്‍ത്ഥി വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി പണം വിതരണം ചെയ്തുവെന്നാണ് കെജ്രിവാളിന്റെ പരാതി. ന്യൂദല്‍ഹി മണ്ഡലത്തിലാണ് ഇരുവരും മത്സരിക്കുന്നത്. പരാതിയില്‍ അന്വേഷണം നടത്തി വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. ഡല്‍ഹിയിലെ മുഖ്യതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനാണ് നിര്‍ദേശം ലഭിച്ചത്.
നേരത്തെ ഗുരുതരമായ ആരോപണങ്ങളാണ് ബി.ജെ.പിക്കെതിരെ എ.എ.പി ഉയര്‍ത്തിയിരുന്നത്. വോട്ടര്‍ പട്ടികയില്‍ ബി.ജെ.പി കൃതിമത്വം കാണിക്കുന്നു എന്നതുള്‍പ്പെടെയുള്ള ആരോപണങ്ങളാണ് ആം ആദ്മി ഉയര്‍ത്തിയത്. ഡല്‍ഹി തെരഞ്ഞെടുപ്പ് ബി.ജെ.പി അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി കെജ്രിവാള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
2023 ഓഗസ്റ്റ് 20നും ഒക്ടോബര്‍ 20നും ഇടയിലായി നടന്ന അവലോകനത്തിന് ശേഷം പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ 106,873 വോട്ടര്‍മാരാണ് ഉള്ളത്. എന്നാല്‍ ഡിസംബറിന്റെ അവസാന ഘട്ടത്തില്‍ ബി.ജെ.പി 5000 വോട്ടുകള്‍ വെട്ടിക്കളയാനും പുതുതായി 7500 വോട്ടുകള്‍ ഉള്‍പ്പെടുത്താനും അപേക്ഷ നല്‍കിയെന്നുമാണ് കെജ്രിവാള്‍ ചൂണ്ടിക്കാട്ടിയത്.
അതായത് 12 ശതമാനം വോട്ടുകളില്‍ കൃത്രിമം കാണിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കെജ്രിവാള്‍ ന്യൂഡല്‍ഹി ജില്ലാ ഇലക്ടറല്‍ ഓഫീസര്‍ക്ക് കത്തെഴുതിയിരുന്നു. ഇതിനുപിന്നാലെയാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.
എ.എ.പി ഉയര്‍ത്തുന്നത് ഗുരുതരമായ ആരോപണങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. പുറത്ത് നിന്നുള്ള വോട്ടര്‍മാരെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമം നടക്കുന്നുവെന്ന ആരോപണത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി അജോയ് കുമാര്‍ പറഞ്ഞു. മുന്‍ മുഖ്യമന്ത്രി സാഹിബ് സിങ് വര്‍മയുടെ മകനാണ് പര്‍വേഷ് വര്‍മ. മൂന്ന് തവണ മുഖ്യമന്ത്രിയായ കോണ്‍ഗ്രസ് നേതാവ് ഷീലാ ദീക്ഷിതിന്റെ മകന്‍ സന്ദീപ് ദീക്ഷിതും ന്യൂഡല്‍ഹി മണ്ഡലത്തില്‍ മത്സരിക്കുന്നു. ഇതോടെ ത്രികോണ മത്സരമാണ് മണ്ഡലത്തില്‍ നടക്കാനിരിക്കുന്നത്.