ന്യൂഡല്‍ഹി: ലോകസഭാ തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കില്ലെന്നും നിലവിലെ വോട്ടിങ് മെഷീന്‍ രീതി തുടരുമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് ഇക്കാര്യം അറിയിച്ചത്. വോട്ടിങ് മെഷീനില്‍ കൃത്രിമം നടത്താനാവുമെന്ന ഹാക്കറുടെ വെളിപ്പെടുത്തല്‍ നിലനില്‍ക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിലപാട് വ്യക്തമാക്കിയത്. ദേശീയ വോട്ടേഴ്‌സ് ദിനാചരണത്തോടനുബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ ബാലറ്റ് പേപ്പറിലേക്ക് മടങ്ങി പോവേണ്ട സാഹചര്യമില്ലെന്നും വോട്ടിങ് യന്ത്രങ്ങള്‍ ഉപേക്ഷിക്കാന്‍ കഴിയില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
സുപ്രീംകോടതി നിര്‍ദേശമനുസരിച്ച് വിവിപാറ്റ് മെഷീനുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ഇതു വോട്ടെടുപ്പിന്റെ സുതാര്യത വ്യക്തമാക്കുന്നതാണെന്നും അതിനാല്‍ ബാലറ്റ് പേപ്പറിലേക്ക് മടങ്ങുക അസാധ്യമാണെന്നും സുനില്‍ അറോറ വ്യക്തമാക്കി.