ഭോപ്പാല്‍; ബാബരി മസ്ജിദിനെക്കുറിച്ചുള്ള വിദ്വേഷ പരാമര്‍ശത്തില്‍ ഭോപ്പാല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി സ്വാധ്വി പ്രജ്ഞ സിങ് താക്കൂറിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. വിവാദ പരാമര്‍ശത്തില്‍ ഒരു ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് ജില്ലാ വരണാധികാരി അറിയിച്ചു.
അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്തതില്‍ താന്‍ ഖേദിക്കുന്നില്ല. താനുമുണ്ടായിരുന്നു ബാബരി മസ്ജിദ് പൊളിക്കാന്‍. ഇനി അവിടെ പോകുമെന്നും നമ്മള്‍ രാമക്ഷേത്രം നിര്‍മിക്കുമെന്നുമായിരുന്നു പ്രജ്ഞ സിങ് താക്കൂറിന്റെ പരാമര്‍ശം. 2008-ലെ മാലേഗാവ് സ്‌ഫോടനക്കേസില്‍ പ്രതിയായി ജാമ്യത്തിലിറങ്ങിയ പ്രജ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശ് ഭോപ്പാലില്‍ നിന്നുള്ള ബി.ജെ.പി സ്ഥാനാര്‍ഥിയാണ്.
മുംബൈ ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ തലവനായിരുന്ന ഹേമന്ദ് കര്‍ക്കരെ കൊല്ലപ്പെടാന്‍ കാരണം തന്റെ ശാപമാണെന്ന പ്രജ്ഞാസിങ് താക്കൂറിന്റെ പ്രസ്താവനയും വിവാദമായിരുന്നു. വിവാദ പ്രസ്താവനയില്‍ പ്രജ്ഞാ സിങിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. പ്രജ്ഞ സിങ് പ്രതിയായ മാലേഗാവ് സ്‌ഫോടനക്കേസ് അന്വേഷിച്ചിരുന്നത് ഹേമന്ദ് കര്‍ക്കരെയായിരുന്നു. ഈ കേസില്‍ കൊലപാതകവും കലാപശ്രമവും അടക്കമുള്ള വകുപ്പുകളിലാണ് പ്രജ്ഞ സിങ് പ്രതിയായത്.