അഹമ്മദാബാദ്: നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ഗുജറാത്ത് രണ്ടാംഘട്ട നിയമസഭാ തെരഞ്ഞെടുപ്പിന് 48 മണിക്കൂര്‍ മാത്രം ബാക്കി നില്‍ക്കെ ചാനലുകള്‍ക്ക് അഭിമുഖം നല്‍കിയതിനാണ് കാരണം കാണിക്കല്‍ നോട്ടീസ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുലിന് അയച്ചത്.
കമ്മീഷന്റെ മോഡല്‍ കോഡ് ഓഫ് കണ്ടക്ട് പ്രകാരം അഭിമുഖങ്ങള്‍ ചാനലുകള്‍ക്ക് നല്‍കുന്നത് അനുവദിനീയമല്ല. ഇത്തരം അഭിമുഖങ്ങള്‍ നല്‍കുന്നത് ഗുരുതരമായ ചട്ടലംഘനമാണ്. എന്നാല്‍ ഗുജറാത്ത് സമാചാര്‍ ടിവിക്കു നല്‍കിയ രാഹുലിന്റെ അഭിമുഖം രണ്ടാംഘട്ട വോട്ടെടുപ്പിന് 48 മണിക്കൂര്‍ മാത്രം ബാക്കി നില്‍ക്കെയാണ് സംപ്രേക്ഷണം ചെയ്തത്. അഭിമുഖത്തില്‍ ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ വിജയം സുനിശ്ചിതമാണെന്നും ബി.ജെ.പിക്ക് ഗുജറാത്തിനെകുറിച്ചുള്ളത് നല്ല കാഴ്ചപ്പാടല്ലെന്നും രാഹുല്‍ പ്രതികരിച്ചിരുന്നു. ഗുജറാത്തില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് വലിയ വിജയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതു തെരഞ്ഞെടുപ്പ് ചട്ടലഘനമാണെന്ന് ചൂണ്ടിക്കാണ്ടി ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.
നോട്ടീസിന്റെ മറുപടി ഡിസംബര്‍ 18നകം നല്‍കണമെന്നും അല്ലാത്തപക്ഷം തുടര്‍നടപടികള്‍ കമ്മീഷന്‍ കൈക്കൊള്ളുമെന്നും നോട്ടീസില്‍ പറയുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ അഭിമുഖം സംപ്രേക്ഷണം ചെയ്ത ചാനലുകള്‍ക്ക് തെരഞ്ഞെടുപ്പ് ചട്ടം സെക്ഷന്‍ 126 (1) (ബി) വകുപ്പുകള്‍ ലംഘനം ചുമത്തി കേസെടുക്കാനും ഉത്തരവിട്ടുണ്ട്. അതേസമയം ഇത്തരം അഭിമുഖങ്ങള്‍ സംപ്രേക്ഷണം ചെയുന്ന ചാനലുക്കള്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി.