തെരഞ്ഞെടുപ്പ് കമീഷനെ പ്രവർത്തനരഹിതം എന്നും പരാജയപ്പെട്ട സ്ഥാപനം എന്നും വിശേഷിപ്പിച്ച് രാജ്യസഭാ എം.പി കപിൽ സിബൽ. ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾക്കനുസൃതമായി അതിന്റെ പ്രവർത്തനങ്ങൾ നിർവഹിക്കാത്തതിനാൽ വലിയൊരു വിഭാഗം ജനങ്ങൾക്ക് കമീഷനിൽ ഇപ്പോൾ വിശ്വാസമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
തെരഞ്ഞെടുപ്പ് കമീഷനിലുള്ള വിശ്വാസമില്ലായ്മയുടെ വിഷയം എത്ര വേഗത്തിൽ കൈകാര്യം ചെയ്യപ്പെടുന്നുവോ ജനാധിപത്യത്തെ രക്ഷിക്കാനുള്ള സാധ്യത അത്രയും കൂടുമെന്നും പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ സിബൽ പറഞ്ഞു.
‘തെരഞ്ഞെടുപ്പ് കമീഷൻ ഇപ്പോൾ ഒരു പ്രവർത്തനരഹിതമായ സ്ഥാപനമാണ്. ഭരണഘടന പ്രകാരം പ്രതീക്ഷിക്കുന്ന ഉത്തരവാദിത്തങ്ങൾക്കനുസൃതമായി കമീഷൻ അതിന്റെ പ്രവർത്തനങ്ങൾ നിർവഹിച്ചിട്ടില്ല. ഇപ്പോളിത് പരാജയപ്പെട്ട സ്ഥാപനമാണ്. ഈ രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങൾക്ക് കമീഷനിൽ വിശ്വാസമില്ലെന്നും’ വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ സംബന്ധിച്ച കോൺഗ്രസിന്റെയും തൃണമൂലിന്റെയും ആരോപണങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു.
ഇ.വി.എമ്മുകൾക്ക് പുറമേ, തെരഞ്ഞെടുപ്പ് പ്രക്രിയ കളങ്കിതമാണെന്ന് സൂചിപ്പിക്കുന്ന ചില ഗുരുതരമായ പ്രശ്നങ്ങളുണ്ടെന്നതാണ് പ്രതിപക്ഷത്തിനുള്ള സന്ദേശം. പല തലങ്ങളിലുമുള്ള കൃത്രിമത്വങ്ങളുടെ ഫലമായിരിക്കാം ഇപ്പോൾ വന്നിരിക്കുന്ന ഫലങ്ങൾ എന്ന് സിബൽ അവകാശപ്പെട്ടു. നമ്മൾ ഒരുമിച്ച് ആ പ്രശ്നം പരിഹരിക്കേണ്ടതുണ്ടെന്നും മുൻ കോൺഗ്രസ് നേതാവ് ഊന്നിപ്പറഞ്ഞു.
അസാധാരണമായ കൂട്ടിച്ചേർക്കലുകൾ, അപ്രതീക്ഷിതമായി ഇല്ലാതാക്കലുകൾ, ഡ്യൂപ്ലിക്കേറ്റ് വോട്ടർ ഐ.ഡി നമ്പറുകൾ എന്നിവയുൾപ്പെടെയുള്ള വോട്ടർ പട്ടികയിലെ പ്രശ്നങ്ങൾ കോൺഗ്രസും ഇൻഡ്യ ബ്ലോക്ക് പാർട്ടികളും ആവർത്തിച്ച് ഉന്നയിക്കുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പരാമർശങ്ങൾ.
4,000ത്തിലധികം ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാർ അതത് നിയമസഭാ സീറ്റുകളിലെ തീർപ്പാക്കാത്ത ബൂത്ത് തല പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സർവകക്ഷി യോഗങ്ങൾ നടത്തുന്നതായി തെരഞ്ഞെടുപ്പ് കമീഷൻ ശനിയാഴ്ച പറഞ്ഞിരുന്നു. പരാതികൾ പരിഹരിക്കുന്നതിനായി സംസ്ഥാനത്തെ ഒന്നിലധികം തലങ്ങളിലുള്ള പാർട്ടികളുമായി ആശയവിനിമയം നടത്താനുള്ള കമീഷന്റെ സമീപകാല തീരുമാനത്തിന് പിന്നാലെയാണ് യോഗങ്ങൾ.
വോട്ടർ കാർഡുകൾ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാനും വോട്ടർ പട്ടിക വൃത്തിയാക്കുന്നതിന് ജനന-മരണ രജിസ്ട്രേഷൻ അധികാരികളെ ഉൾപ്പെടുത്താനും കമീഷൻ തീരുമാനിച്ചിട്ടുണ്ട്.