X

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സൈന്യത്തിന്റെ ചിത്രങ്ങള്‍ ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ ഭാഗമായി സൈനികരുടെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നതിനെ വിലക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍.

തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകളില്‍ സൈനികരുടെ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് കമ്മീഷന്റെ വിലക്ക്. ദേശീയ-സംസ്ഥാന-പ്രാദേശിക രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കാണ് കമ്മീഷന്‍ ഇതു സംബന്ധിച്ച നോട്ടീസ് നല്‍കിയത്.

2013ല്‍ കമ്മീഷന്‍ നിര്‍ദേശിച്ച ചട്ടങ്ങള്‍ പിന്തുടരണമെന്നും അല്ലാത്ത പക്ഷം ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷന്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

ഇതുസംബന്ധിച്ച് പാര്‍ട്ടി നേതാക്കള്‍ സ്ഥാനാര്‍ഥികള്‍ക്കും പ്രവര്‍ത്തകര്‍ക്കും നിര്‍ദേശം നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. മുന്‍ നാവികസേനാ മേധാവി എല്‍ രാംദാസ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനയച്ച തുറന്ന കത്തിന് പിന്നാലെയാണ് കമ്മീഷന്റെ ഇടപെടല്‍.

പുല്‍വാമ, ബാലാകോട്ട്, അഭിനന്ദ് തുടങ്ങിയ വിഷയങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ദുരുപയോഗം ചെയ്യുന്നതായി രാംദാസ് വ്യക്തമാക്കിയിരുന്നു.

സൈന്യത്തിന്റെ ചിത്രവും യൂണിഫോമും ദുരുപയോഗപ്പെടുത്തി തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കത്തില്‍ പറഞ്ഞിരുന്നു.

സൈന്യത്തിന്റെ വിലയിടിക്കുന്നതാണ് ഇത്തരം നടപടികളെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2013ല്‍ സൈനികരുടെ ചിത്രങ്ങള്‍ പ്രചാരണത്തിന് ഉപയോഗിച്ചതിനെ തുടര്‍ന്ന് പ്രതിരോധ മന്ത്രാലയം കമ്മീഷന് പരാതി നല്‍കിയിരുന്നു.

ഇതേ തുടര്‍ന്ന് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സൈനികരുടെ ചിത്രങ്ങള്‍ ഉപയോഗിക്കരുതെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു.

രാജ്യത്തെ സൈനികര്‍ക്ക് രാഷ്ട്രീയമില്ലെന്നും നിഷ്പക്ഷരാണെന്നും കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. ഇത് വീണ്ടും ആവര്‍ത്തിക്കുകയാണെന്ന് കമ്മീഷന്‍ കുറിപ്പില്‍ പറയുന്നു.

ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്റെ ചിത്രങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകളില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് നിര്‍ദേശവുമായി കമ്മീഷന്‍ രംഗത്തെത്തിയിരിക്കുന്നത്.

ബി.ജെ.പി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളില്‍ നരേന്ദ്ര മോദിയും അഭിനന്ദന്‍ വര്‍ത്തമാനുമുള്ള ചിത്രങ്ങള്‍ രംഗത്തു വരുന്നുണ്ട്. ഇതോടൊപ്പം സാമൂഹ്യ മാധ്യമങ്ങളിലും ബി.ജെ.പി നേതാക്കള്‍ ഇത്തരത്തിലുള്ള ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്.

സൈനിക നടപടിയെ രാഷ്ട്രീയ നേട്ടമായി ഉയര്‍ത്തിക്കാണിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായാണ് കമ്മീഷന്റെ മുന്നറിയിപ്പ്. നേരത്തെ ഡല്‍ഹി ബി.ജെ.പി അധ്യക്ഷന്‍ മനോജ് തിവാരിയും സൈന്യത്തിന്റെ യൂണിഫോം ധരിച്ച് പ്രചാരണത്തിന് ഇറങ്ങിയിരുന്നു

web desk 1: