X
    Categories: keralaNews

പ്രചാരണത്തിന് കര്‍ശന മാര്‍ഗനിര്‍ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട കര്‍ശന മാര്‍ഗനിര്‍ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരെ മതപരമോ വംശീയമോ ജാതീയമോ സാമുദായികമോ ഭാഷാപരമോ ആയി വിദ്വേഷ പരാമര്‍ശങ്ങള്‍ കുറ്റകരമാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. സമുദായങ്ങള്‍, ജാതികള്‍, ഭാഷാവിഭാഗങ്ങള്‍, എന്നിവ തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ മൂര്‍ഛിക്കുന്നതിനിടയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവരുത്. മറ്റ് പാര്‍ട്ടികളെക്കുറിച്ചുള്ള വിമര്‍ശനം നയപരിപാടികളെക്കുറിച്ച് മാത്രമാവണം. എതിര്‍ രാഷ്ട്രീയ കക്ഷി നേതാക്കളെ വ്യക്തിപരമായി തേജോവധം ചെയ്യുന്നതും അവരുടെ സ്വകാര്യതയെ ഹനിക്കുന്നതുമായ പ്രചാരണം പാടില്ല.

തെളിവില്ലാത്ത ആരോപണങ്ങള്‍ എതിര്‍കക്ഷിയെക്കുറിച്ചോ അവരുടെ പ്രവര്‍ത്തകരെ പറ്റിയോ ഉന്നയിക്കരുത്. ദൈവങ്ങളുടെയോ ആരാധനാ മൂര്‍ത്തികളുടെയോ ചിത്രങ്ങള്‍ ആലേഖനം ചെയ്ത ഡയറി, കലണ്ടര്‍, സ്റ്റിക്കര്‍ എന്നിവ വിതരണം ചെയ്യരുത്. ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുന്നത് ദൈവികമായ അപ്രീതിക്ക് കാരണമാവും എന്ന് ഭീഷണിപ്പെടുത്തി വോട്ട് തേടുകയോ വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുകയോ ചെയ്യരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ാഷ്ട്രീയ പാര്‍ട്ടികളുടെയോ സ്ഥാനാര്‍ത്ഥികളുടെയോ തെരഞ്ഞെടുപ്പ് യോഗങ്ങളുടെ നടത്തിപ്പ് തടയാന്‍ പാടില്ല. എന്നാല്‍ വോട്ടെടുപ്പ് അവസാനിക്കുന്നത് വരെയുള്ള 48 മണിക്കൂര്‍ കാലയളവില്‍ പൊതുയോഗങ്ങള്‍ പാടില്ല.

സര്‍ക്കാര്‍ ജീവനക്കാരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരോ സ്ഥാനാര്‍ത്ഥികളുടെ വിജയ സാധ്യതക്കുവേണ്ടിയോ തെരഞ്ഞെടുപ്പ്/പോളിങ് ഏജന്റുമാരായോ പ്രവര്‍ത്തിക്കരുത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയോ വോട്ട് ചെയ്യുന്നതിനെ സ്വാധീനിക്കാനോ പാടില്ല. തെരഞ്ഞെടുപ്പില്‍ നിയമവിരുദ്ധമായി വാഹനങ്ങള്‍ വാടകക്ക് എടുക്കുകയോ ഉപയോഗിക്കുകയോ ചെയ്യരുത്.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: