ന്യൂഡല്‍ഹി: 2019- ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും വോട്ടിംഗ് യന്ത്രം സംബന്ധിച്ച ആക്ഷേപങ്ങള്‍ പരിഹരിക്കുന്നതിനുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍വ്വകക്ഷിയോഗം വിളിക്കുന്നു. ഈ മാസം 27 നാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ വോട്ടിങ് മെഷീനുകളെക്കുറിച്ച് വ്യാപകമായ രീതിയില്‍ ആക്ഷേപമുയര്‍ന്നതിനെ തുടര്‍ന്നാണ് ഈ നീക്കം.
യോഗത്തിലേക്ക് ഏഴ് ദേശീയ പാര്‍ട്ടി പ്രതിനിധികളെയും 51 പ്രാദേശിക പാര്‍ട്ടി പ്രതിനിധികളെയുമാണ് പങ്കെടുക്കുന്നതിനായി കമ്മീഷന്‍ വിളിച്ചിട്ടുള്ളത്. പെയ്ഡ് ന്യൂസ്, മാതൃകാ പെരുമാറ്റച്ചട്ടലംഘനം, വിദ്വേഷ പ്രസംഗങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് കമ്മീഷന്റെ വക ബോധവത്കരണവും ചട്ടങ്ങളും നല്‍കുമെന്ന് കമ്മീഷന്‍ അറിയിച്ചു.
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് കഴിഞ്ഞതുമുതല്‍ വോട്ടിങ് മെഷീനില്‍ ക്രമക്കേട് ഉണ്ടെന്നാരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ പരാതിയെ തുടര്‍ന്ന് വോട്ട് ചെയ്തു കഴിയുമ്പോള്‍ സ്ലിപ് കിട്ടുന്ന രീതി കമ്മീഷന്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതില്‍ ആര്‍ക്കും തിരിമറിയുണ്ടോയെന്ന് തെളിയിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇത് കാണിച്ചായിരിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിപക്ഷത്തെ പ്രതിരോധിക്കുക.