ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കാനും ഉള്‍പ്പാര്‍ട്ടി ജനാധിപത്യം പാര്‍ട്ടിക്കുള്ളില്‍ നടപ്പാക്കാനും അധികാരം നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കമ്മീഷന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. കുറ്റകൃത്യങ്ങളില്‍പ്പെട്ടവര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപീകരിക്കുന്നത് ഇതിലൂടെ തടയാന്‍ സാധിക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. ജനപ്രാതിനിധ്യ നിയമപ്രകാരം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അംഗീകാരം നല്‍കാനുള്ള അധികാരമാണ് നിലവില്‍ തെരഞ്ഞെടുപ്പ് കമ്മീഷനുള്ളത്. ഉള്‍പാര്‍ട്ടി ജനാധിപത്യം രാജ്യത്ത് അത്യാവശ്യമാണെന്നും ഇതിന് ചട്ടങ്ങളും മാര്‍ഗ നിര്‍ദേശങ്ങളും രൂപീകരിക്കേണ്ടതുണ്ടെന്നും കമ്മീഷന്‍ പറഞ്ഞു. അഭിഭാഷകരായ അമിത് ശര്‍മ, അശ്വിനി ഉപാധ്യായ എന്നിവരാണ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തില്‍ നിന്ന് കേസുകളില്‍പ്പെട്ടവരെ ഒഴിവാക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചത്.