X

മതസ്പര്‍ദ്ധയുണ്ടാക്കുന്ന പ്രസംഗം; യോഗിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ലക്‌നൗ: മതസ്പര്‍ദ്ധയുണ്ടാക്കുന്ന പ്രസംഗം നടത്തിയതിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. തെരഞ്ഞെടുപ്പ് പ്രസംഗത്തില്‍ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചത്. യോഗിയുടെ പരാമര്‍ങ്ങളുള്ള ദൃശ്യങ്ങള്‍ നീക്കണമെന്നും നമോ ടിവിക്കെതിരെ നടപടിയെടുക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു.

മീററ്റിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് സമൂഹത്തില്‍ മതസ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ യോഗി പ്രസംഗിച്ചത്. അലി എന്ന അറബി വാക്കും ഹിന്ദു ദൈവമായ ഹനുമാനുമായി ബന്ധപ്പെട്ട ഭജ്‌റംഗ്ബലി എന്ന വാക്കും തമ്മില്‍ താരതമ്യം ചെയ്തായിരുന്നു പ്രസംഗം. കോണ്‍ഗ്രസിനും സമാജ്‌വാദി പാര്‍ട്ടിക്കും ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിക്കും അലിയിലാണ് വിശ്വാസമെങ്കില്‍ ഞങ്ങള്‍ക്ക് ഹനുമാനിലാണ് വിശ്വാസം എന്നായിരുന്നു യോഗിയുടെ പരാമര്‍ശം. ഈ പരാമര്‍ശത്തിനാണ് യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചത്.

അതേസമയം, ബി.എസ്.പി അധ്യക്ഷ മായാവതിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീയച്ചിട്ടുണ്ട്. യു.പിയില്‍ നടന്ന എസ്.പി-ബി.എസ്.പി സംയുകത റാലിയില്‍ മുസ്ലിംകളോട് പ്രത്യേകമായി വോട്ട് അഭ്യര്‍ഥിച്ചതിനാണ് മായാവതിക്ക് നോട്ടീസ്. ഇരുവരും പ്രഥമദൃഷ്ട്യാ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു എന്ന് കാണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടിയത്. 24 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.

chandrika: