ലക്‌നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിലാണ് കമ്മീഷന്‍ ആദിത്യനാഥിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ബാബറിന്റെ പിന്‍ഗാമി (ബാബര്‍ കി ഔലാദ്) പ്രസ്താവനയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗിക്ക് നോട്ടീസ് അയച്ചത്. പരാതിയില്‍ 24 മണിക്കൂറിനുളളില്‍ മറുപടി നല്‍കാനാണ് നിര്‍ദേശം.
ഏപ്രില്‍ 19ന് ഉത്തര്‍പ്രദേശിലെ സാംബലില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുമ്പോഴാണ് യോഗി വിവാദ പരാമര്‍ശം നടത്തിയത്. മണ്ഡലത്തിലെ എസ്പി സ്ഥാനാര്‍ഥിയെ ഉദ്ദേശിച്ചായിരുന്നു പരാമര്‍ശം. വര്‍ഗീയ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ 72 മണിക്കൂര്‍ വിലക്ക് അവസാനിച്ചതിന് പിന്നാലെയായിരുന്നു ഇത്.
മീററ്റിലെ റാലിയിലാണ് യോഗി ‘അലി’, ‘ബജ്രംഗ്ബലി’ പരാമര്‍ശങ്ങള്‍ നടത്തിയത്. അലിയും (ഇസ്ലാമിലെ നാലാം ഖലീഫ) ബജ്രംഗ്ബലിയും (ഹനുമാന്‍) തമ്മിലുള്ള പോരാട്ടമാണ് ലോക്‌സഭ തെരഞ്ഞെടുപ്പെന്ന രീതിയിലായിരുന്നു യോഗിയുടെ പ്രസംഗം. ഇതു ഹിന്ദുമുസ്ലിം വേര്‍തിരിവ് സൃഷ്ടിക്കുന്ന പരാമര്‍ശമാണെന്ന് ആക്ഷേപങ്ങള്‍ ഉയര്‍ന്നു. ഇതേതുടര്‍ന്ന് യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് അയക്കുകയും പിന്നാലെ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഈ വിലക്ക് സുപ്രീം കോടതി ശരിവെക്കുകയും ചെയ്യുകയായിരുന്നു.