ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തിരിച്ചടി. സൈന്യത്തിന്റെ പേരില്‍ വോട്ടു ചോദിച്ച സംഭവത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. ബാലാകോട്ടില്‍ ആക്രമണം നടത്തിയ ഇന്ത്യന്‍ വ്യോമസേനാ പൈലറ്റുമാരുടെ പേരിലാണ് മോദി വോട്ടര്‍ഭ്യര്‍ത്ഥന നടത്തിയത്. മോദി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനം നടത്തിയെന്ന് കാണിച്ച് കോണ്‍ഗ്രസും സി.പി.എമ്മുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.
മഹാരാഷ്ട്രയിലെ ലാത്തൂരില്‍ പ്രസംഗിക്കുമ്പോഴായിരുന്നു സംഭവം. കന്നിവോട്ടര്‍മാരോട് നിങ്ങളുടെ വോട്ട് ബി.ജെ.പിക്കു വേണ്ടി ചെയ്യണമെന്ന് മോദി ആവശ്യപ്പെടുകയായിരുന്നു. നിങ്ങള്‍ക്ക് പതിനെട്ട് വയസ് ആയെന്നും നിങ്ങളുടെ വോട്ട് രാജ്യത്തിനു വേണ്ടി നല്‍കണമെന്നും മോദി പറഞ്ഞിരുന്നു. പുല്‍വാമയില്‍ തിരിച്ചടിച്ച സൈനികര്‍ക്കുള്ള ബഹുമതിയായി വോട്ട് നല്‍കണമെന്നും മോദി ആവശ്യപ്പെടുകയായിരുന്നു. സംഭവത്തില്‍ മഹാരാഷ്ട്രയിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. പ്രസംഗം സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമായിരിക്കുമെന്നും അത്തരം പ്രവൃത്തികളില്‍നിന്ന് രാഷ്ട്രീയപാര്‍ട്ടികളും സ്ഥാനാര്‍ഥികളും വിട്ടുനില്‍ക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ച്ച് 19ന് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവിന് വിരുദ്ധമായാണ് ചൊവ്വാഴ്ച്ച മോദി നടത്തിയ പ്രസംഗം.