X

സര്‍ക്കാര്‍ പരസ്യങ്ങള്‍ നീക്കം ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഉത്തരവ്

സര്‍ക്കാര്‍ പരസ്യങ്ങള്‍ നീക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഉത്തരവ്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം അനുസരിച്ചാണ് നടപടി. ബസുകളിലും വെബ്‌സൈറ്റുകളിലിലുമുള്ള പരസ്യങ്ങള്‍ നീക്കം ചെയ്യാനാണ് ഉത്തരവിട്ടിരിക്കുന്നത്.

കെ.എസ്.ആര്‍.ടി.സി ബസുകളിലെ സര്‍ക്കാര്‍ പരസ്യങ്ങള്‍ 24 മണിക്കൂറിനകം നീക്കം ചെയ്യാനും ഉത്തരവിട്ടു. ഇതുസംബന്ധിച്ച നിര്‍ദ്ദേശം ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കും സെക്രട്ടറിക്കും നല്‍കി.

പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച സര്‍ക്കാര്‍ പരസ്യങ്ങള്‍ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചിരുന്നു. യുവജനപക്ഷം സംസ്ഥാന ജനറല്‍ സെക്രട്ടറി ഷോണ്‍ ജോര്‍ജാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നത്.

സര്‍ക്കാര്‍ പരസ്യമെന്ന നിലയില്‍ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ മുഖ്യമന്ത്രിയുടെ ഫോട്ടോ പതിച്ച പരസ്യങ്ങള്‍ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ഷോണ്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

പൊതുനിരത്തുകളില്‍ ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതും വികസനപ്രവര്‍ത്തനങ്ങളും പ്രഖ്യാപനങ്ങളും ഉയര്‍ത്തിക്കാട്ടുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്നും ഷോണ്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. സംസ്ഥാന സര്‍ക്കാര്‍ ആയിരം ദിനം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ ചിത്രം ഉള്‍പ്പെടുത്തിയുള്ള പരസ്യം ബസുകളില്‍ സ്ഥാപിച്ചത്.

chandrika: