ലക്‌നൗ: വര്‍ഗീയ പ്രസംഗം നടത്തിയതിന് ബി.ജെ.പി എം.പി സാക്ഷി മഹാരാജിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ച് കോണ്‍ഗ്രസ് നല്‍കിയ പരാതിയുടെ
അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍. നാളെ മറുപടി ബോധിപ്പിക്കണമെന്നാണ് നോട്ടീസില്‍ വ്യക്തമാക്കുന്നത്. വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ മീറത്ത് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷനും വിഷയത്തില്‍ ഇടപെടുന്നത്.
ജനുവരി ആറിന് മീറത്തില്‍ നടന്ന ഒരു പൊതുപരിപാടിയിലാണ് രാജ്യത്ത് ജനസംഖ്യ വര്‍ധനവിന് കാരണം മുസ്‌ലിംകളാണെന്ന തരത്തിലുള്ള പ്രസംഗം നടത്തിയത്. വര്‍ഗീയ പ്രസംഗമാണ് സാക്ഷി മഹാരാജ് നടത്തിയതെന്നാണ് കോണ്‍ഗ്രസ് പരാതിയില്‍ വ്യക്തമാക്കിയിരുന്നത്. അതേസമയം ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലാ ഭരണാധികാരിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രസംഗം വിവാദമായതോടെ ബി.ജെ.പി പ്രസ്താവന പാര്‍ട്ടിയുടെ നിലപാടല്ലെന്ന് വ്യക്തമാക്കി.
ഉന്നോവയില്‍ നിന്നുള്ള എം.പിയായ സാക്ഷി മഹാരാജ് നേരത്തെയും മുസ് ലിം വിരുദ്ധ പ്രസംഗങ്ങള്‍ നടത്തിയിരുന്നു. ഏഴ് ഘട്ടമായി നടക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം അടുത്ത മാസം 11നാണ്. അവസാന ഘട്ടം മാര്‍ച്ച് എട്ടിനും. യുപി തെരഞ്ഞെടുപ്പ് അഭിമാനപോരാട്ടമായി കരുതുന്ന ബി.ജെ.പി എന്തുവിലകൊടുത്തും സംസ്ഥാനം പിടിക്കാനുള്ള നീക്കമാണ്.