അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പിന് വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റ് യന്ത്രങ്ങളും പൂര്‍ണ സജ്ജമായതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍. കേടുപാടുകള്‍ കണ്ടെത്തിയ 4066 വിവിപാറ്റ് യന്ത്രങ്ങളും 3050 വോട്ടിങ് യൂണിറ്റുകളും മാറ്റിയതായും ഒന്നാം ഘട്ട പരിശോധന പൂര്‍ത്തിയായതായും കമ്മീഷന്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
ആദ്യഘട്ട പരിശോധനയില്‍ യന്ത്രങ്ങളെല്ലാം പൂര്‍ണ സജ്ജമാണെന്നാണ് കമ്മീഷന്‍ കോടതിയെ അറിയിച്ചത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു കഴിഞ്ഞതിനു ശേഷം യന്ത്രങ്ങള്‍ ഒരിക്കല്‍ക്കൂടി പരിശോധിക്കുമെന്നും കമ്മീഷന്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു. ഒന്നാം ഘട്ട പരിശോധന കഴിഞ്ഞു. അടുത്ത ഘട്ടത്തില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് യന്ത്രം പരിശോധിക്കാം. പോളിങ് ആരംഭിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് മൂന്നാം ഘട്ട പരിശോധനയും നടക്കും. ആ ഘട്ടത്തില്‍ സ്ഥാനാര്‍ത്ഥികളുടെ പോളിങ് ഏജന്റിന് യന്ത്രത്തിന്റെ പ്രവര്‍ത്തനം പരിശോധിച്ച് ഉറപ്പുവരുത്താം.
അതേസമയം, 15 വര്‍ഷം പഴക്കമുള്ള വോട്ടിങ് യന്ത്രങ്ങള്‍ പൂര്‍ണമായി മാറ്റണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം കോടതി തള്ളി. അനാവശ്യ കാര്യങ്ങളില്‍ പരാതി പറയുന്നതിനു പകരം തെരഞ്ഞെടുപ്പ് പ്രചരണം നടത്താന്‍ ജസ്റ്റിസുമാരായ അകില്‍ കുറേഷി, എ.വൈ കോഗ്‌ജെ എന്നിവരടങ്ങുന്ന ബെഞ്ച് കോണ്‍ഗ്രസിനോടാവശ്യപ്പെട്ടു.
കോണ്‍ഗ്രസിന്റെ പരാതി പൊതുജനശ്രദ്ധക്കു വേണ്ടി മാത്രമാണെന്നും ഇത്തരം കാര്യങ്ങള്‍ ഇനി ഉന്നയിക്കരുതെന്നും കോടതി നിരീക്ഷിച്ചു: ‘തെരഞ്ഞെടുപ്പില്‍ നിങ്ങള്‍ക്ക് ഇപ്പോഴേ വാക്ക്ഓവര്‍ ലഭിച്ചോ? പ്രസക്തമല്ലാത്ത കാര്യങ്ങള്‍ ഉന്നയിക്കുന്നതിനു പകരം തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കൂ…’ എന്നായിരുന്നു ഹര്‍ജിക്കാരനോടുള്ള ഡിവിഷന്‍ ബെഞ്ചിന്റെ ചോദ്യം. ഈ വിഷയത്തില്‍ കൂടുതല്‍ ഗൗരവമായ എന്തെങ്കിലുമുണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ നവംബര്‍ 22-ന് അവസാന അവസരവും നല്‍കി.
കേടുപറ്റിയ യന്ത്രങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് ഹര്‍ജി നല്‍കിയത്. കേടായ യന്ത്രങ്ങളെപ്പറ്റി പഠിക്കുന്നതിന് ഒരു വിദഗ്ധ സമിതിയെ നിയമിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഗുജറാത്തിലെ 182 അസംബ്ലി സീറ്റുകൡലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബര്‍ 9, 14 തിയ്യതികളിലാണ് നടക്കുന്നത്. ഇതാദ്യമായാണ് വോട്ടിങ് രശീതി പ്രദര്‍ശിപ്പിക്കുന്ന വിവിപാറ്റ് യന്ത്രം ഉപയോഗിക്കുന്നത്.