ന്യൂഡല്‍ഹി: രാജ്യം അവസാനഘട്ട വോട്ടെടുപ്പിലേക്ക് പ്രവേശിക്കുന്നു. ആറു ഘട്ടം പൂര്‍ത്തിയായപ്പോള്‍ 483 മണ്ഡലങ്ങളിലെ പോളിങ് കഴിഞ്ഞു. അവശേഷിക്കുന്ന ഏഴു സംസ്ഥാനങ്ങളിലെ 58 മണ്ഡലങ്ങളിലേക്കും ഒരു കേന്ദ്ര ഭരണ പ്രദേശത്തിലേക്കുമുള്ള വോട്ടെടുപ്പ് മെയ് 19ന് നടക്കും. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ബിഹാര്‍, മധ്യപ്രദേശ്, പശ്ചിമബംഗാള്‍, ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, ചണ്ഡീഗഡ് എന്നീ സംസ്ഥാനങ്ങളിലെ വിവിധ മണ്ഡലങ്ങളിലാണ് 19ന് വോട്ടെടുപ്പ് നടക്കുക. 23നാണ് വോട്ടെണ്ണല്‍.
അതേസമയത്ത് പശ്ചിമബംഗാളില്‍ ഒഴികെ പരസ്യപ്രചാരണത്തിനുള്ള സമയ പരിധി നാളെ അവസാനിക്കും. ബംഗാളിലെ സമയപരിധി ഇന്നാണ് അവസാനിക്കുക. കയ്യാങ്കളിയും അക്രമവും വ്യാപകമായതിനെ തുടര്‍ന്ന് ബംഗാളില്‍ പരസ്യപ്രചാരണം ഇന്ന് അവസാനിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിക്കുകയായിരുന്നു. ബംഗാള്‍ അതീവ പ്രശ്‌ന ബാധിത സംസ്ഥാനം ആണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തല്‍. ഇതിനു മുമ്പ് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ സമയത്ത് 36 പേരാണ് ബംഗാളില്‍ കൊല്ലപ്പെട്ടത്.