ന്യൂഡല്‍ഹി: തീവ്ര ഭൂരിപക്ഷ ദേശീയവാദം അപകടകരമാണെന്നും അത് സാമ്പത്തിക വളര്‍ച്ചയെ തടസപ്പെടുത്തുമെന്നും മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജന്‍. ഭൂരിപക്ഷത്തിന്റെ വേവലാതികളെ പെരുപ്പിച്ച് കാണിക്കുന്നത് ശരിയല്ലെന്നും ന്യൂനപക്ഷങ്ങള്‍ വിവേചനം നേരിടുന്നവരാണെന്നും ടൈംസ് ലിറ്റ് ഫെസ്റ്റില്‍ സംസാരിക്കവെ അദ്ദേഹം അഭിപ്രായപ്പെട്ടു.
ദേശീയത എന്നത് ദേശസ്‌നേഹമല്ല, കാരണം അത് ഭിന്നിപ്പിക്കുന്നതും അപകടകാരിയാകാന്‍ സാധ്യതയുള്ളതുമാണ്. ഇക്കാര്യം വിളിച്ചുപറയുന്നവരെ അധിക്ഷേപിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. തെറ്റുകള്‍ ഉണ്ടാകാതിരിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളെയും ശ്രവിക്കാന്‍ ഭരണകൂടങ്ങള്‍ ശ്രമിക്കണം. സര്‍ക്കാരിനെ പിന്തുണയ്ക്കുന്നവരുടെ ആവശ്യങ്ങള്‍ മാത്രം കണക്കിലെടുത്ത് പദ്ധതികള്‍ ആവിഷ്‌കരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ഭൂരിപക്ഷ ദേശീയവാദം സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കും. ഭിന്നിപ്പിന്റെ സ്വഭാവമുള്ളതുകൊണ്ട് തന്നെ അത് വികസനത്തെ പിന്നോട്ടടിക്കും. തങ്ങളും വിവേചനം നേരിടുന്നുവെന്ന ഭൂരിപക്ഷത്തിനുള്ളിലെ വികാരത്തിന് ഈ തീവ്രദേശീയവാദം വളമാകുന്നുണ്ട്. ഇന്ത്യയുള്‍പ്പെടെ ലോകത്തെല്ലായിടത്തും ഇത് നിലനില്‍ക്കുന്നുണ്ടെന്നും ആളുകളുടെ ദുഃഖത്തെ അത് മുതലെടുക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംവരണവുമായി ബന്ധപ്പെട്ട് ഉടലെടുക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണം ഇതാണ്. തൊഴില്‍ മേഖലയിലെ പ്രശ്‌നങ്ങളെ നേരിടുകയെന്നതാണ് പ്രധാനം. ഭൂരിപക്ഷത്തിന്റെ ആശങ്കക മറികടന്ന് ആര്‍ക്കും മുന്നോട്ടുപോകാനാകില്ല. വിവേചനം നേരിടുന്നുവെന്ന ഭൂരിപക്ഷ വിഭാഗത്തിന്റെ തോന്നലില്‍ നിന്നുണ്ടാകുന്ന ക്രോധമാണ് തീവ്ര ദേശീയതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘രാഷ്ട്രീയം വേണ്ടെന്ന് തീരുമാനിച്ചത് ഭാര്യ’
രാഷ്ട്രീയത്തില്‍ പ്രവേശിക്കേണ്ടെന്ന് ഭാര്യ പറഞ്ഞതിനാലാണ് ആം ആദ്മി പാര്‍ട്ടി മുന്നോട്ടുവെച്ച രാജ്യസഭാ സീറ്റ് വാഗ്ദാനം താന്‍ നിരസിച്ചതെന്ന് രഘുറാം രാജന്‍. ‘എനിക്ക് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നോ എന്നതിനോട് ഞാന്‍ പ്രതികരിക്കുന്നില്ല. ഒരു പ്രൊഫസറായിരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇതാണ് ഞാന്‍ ആഗ്രഹിച്ച ജോലി-അദ്ദേഹം വ്യക്തമാക്കി.