ഹിന്ദുരാഷ്ട്രം സൃഷ്ടിക്കാന്‍ പാര്‍ലമെന്റില്‍ നിര്‍ഭയം ആവശ്യപ്പെടുന്ന 50 എം.പിമാരെ തെരഞ്ഞെടുക്കണമെന്ന വിവാദ പരാമര്‍ശവുമായി ബി.ജെ.പി എം.എല്‍.എ രാജ സിങ് ലോധ. ഗോവയിലെ പോണ്ടയില്‍ നടക്കുന്ന വൈശിക ഹിന്ദുരാഷ്ട്ര മഹോത്സവത്തിന്റെ സമാപന ദിനത്തില്‍ സംസാരിക്കവെയാണ് രാജ സിങ് ലോധ ഈ വിവാദ പരാമര്‍ശം നടത്തിയത്. ബി.ജെ.പിയുടെ ഹിന്ദുത്വ മുഖമായി അറിയപ്പെടുന്ന രാജ സിങ് ലോധ തീവ്ര ഹിന്ദുത്വ വാദിയാണ്.
ഹിന്ദു രാഷ്ട്രം രൂപീകരിക്കാന്‍ പ്രാപ്തിയുള്ള എം.പിമാരെ പാര്‍ലമെന്റിലേക്ക് അയക്കണമെന്നും ചില പ്രത്യേക തരം ഹിന്ദു നേതാക്കള്‍ പദവിയിലേക്ക് വിജയിച്ച ശേഷം ഹിന്ദു രാഷ്ട്രത്തെ മറക്കുമെന്നും അദ്ദേഹം തന്റെ പ്രസംഗത്തില്‍ പറഞ്ഞു.
‘ഇക്കാലത്ത് പല രാഷ്ട്രീയക്കാരും ഉറച്ച ഹിന്ദു നേതാക്കളായി നടിക്കുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച ഉടന്‍ തന്നെ അവര്‍ മതേതര വ്യക്തികളായി രൂപാന്തരപ്പെടുന്നു. ഹിന്ദു രാഷ്ട്രം സ്ഥാപിക്കാന്‍ ഇത്തരം എം.പിമാരും എം.എല്‍.എമാരും പ്രയോജനമില്ലാത്തവരാണ്. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം സെക്കുലര്‍ ആകുന്ന ഇത്തരം മതേതര എം.പിമാര്‍ ഹിന്ദു രാഷ്ട്രം എന്ന നമ്മുടെ ആവശ്യത്തെ എതിര്‍ക്കുന്നവരാണ്. അതിനാല്‍ പാര്‍ലമെന്റില്‍ ഹിന്ദു രാഷ്ട്രം നിര്‍ഭയം ആവശ്യപ്പെടുന്ന 50 ശക്തരായ ഹിന്ദു എം.പിമാരെ തെരഞ്ഞെടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്,’ സിങ് പറഞ്ഞു.
ഇത്തരത്തില്‍ അധികാരം ലഭിച്ചതിന് ശേഷം മതത്തെ മറക്കുന്ന നേതാക്കള്‍ ഹിന്ദു ഭാരതത്തെ എന്ന ആശയത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്നും സിങ് കൂട്ടിച്ചേര്‍ത്തു. യുവതലമുറയോട് പഠിക്കാനും ഹിന്ദു രാഷ്ട്രത്തിനായി പോരാടാനും സിങ് ആഹ്വാനം ചെയ്തു. ഇത് ആദ്യമായല്ല രാജ സിങ് ലോധ വിവാദ പരാമര്‍ശം നടത്തുന്നത്.