X

എ.ടി.എം വഴി വൈദ്യുതി നിരക്ക് അടയ്ക്കുവാന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി

തിരുവനന്തപുരം: എ.ടി.എം വഴി വൈദ്യുതി നിരക്ക് അടയ്ക്കുവാന്‍ കഴിയുന്ന സംവിധാനം ബാങ്കുകളുമായി ചര്‍ച്ചചെയ്ത് നടപ്പിലാക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍. ബാങ്ക് അക്കൗണ്ടില്‍ നിന്ന് നേരിട്ട് വൈദ്യുതി നിരക്ക് ഈടാക്കുന്നതിന് നടപടിക്രമങ്ങള്‍ നടന്നുവരുന്നതായും അദ്ദേഹം നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ പറഞ്ഞു.

പണമടയ്ക്കുവാന്‍ ആധുനിക സംവിധാനങ്ങള്‍ വന്നതോടെ നേരത്തേ ഉണ്ടായിരുന്ന അത്രയും ജീവനക്കാരെ ഇപ്പോള്‍ ആവശ്യമില്ല. അവരെ മറ്റ് വകുപ്പുകളിലേക്ക് പുനര്‍വിന്യസിപ്പിക്കുന്ന കാര്യം പരിഗണിക്കും. സ്പോട്ട് ബില്ലിംഗിനൊപ്പം പണം സ്വീകരിക്കുന്ന കാര്യം തൊഴിലാളി സംഘടനകളുമായി ചര്‍ച്ചചെയ്യും. 24 മണിക്കൂറും ബില്‍ അടയ്ക്കുന്നതിനുള്ള ഡെപ്പോസിറ്റ് മെഷീന്‍ തിരുവനന്തപുരം, കൊല്ലം, എറണാകുളം തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇതിന്റെ സ്വീകാര്യത കണക്കിലെടുത്ത് കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും.
അടുത്ത മാര്‍ച്ചോടെ കേരളം സമ്പൂര്‍ണ വൈദ്യുതീകരണ സംസ്ഥാനമായി മാറും. കാലവര്‍ഷം പ്രതീക്ഷിച്ചതുപോലെ ലഭിക്കാത്തതു മൂലം ജലവൈദ്യുത പദ്ധതികളിലെ നീരൊഴുക്ക് പ്രതീക്ഷിച്ചതിന്റെ 53 ശതമാനം മാത്രമേ ലഭിച്ചിട്ടുള്ളു. ജലവൈദ്യുത നിലയങ്ങളില്‍ നിന്നുള്ള ഉത്പാദനം കുറയുന്ന സാഹചര്യത്തില്‍ അടുത്ത മാര്‍ച്ച്, ഏപില്‍, മെയ് മാസങ്ങളില്‍ ഏകദേശം 200 മെഗാവാട്ടിന്റെ കമ്മി ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പുതുതായി കോളജുകളും കോഴ്സുകളും അനുവദിക്കുന്നത് സര്‍ക്കാര്‍ പരിഗണിച്ചുവരികയാണെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് അറിയിച്ചു. അണ്‍ എയിഡഡ്, സ്വാശ്രയ മേഖലകളില്‍ പുതിയ കോളജുകള്‍ തുടങ്ങാന്‍ അനുമതി നല്‍കേണ്ടതില്ല എന്ന് നയപരമായി തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

chandrika: