കൊച്ചി: കുറച്ചുദിവസങ്ങളിലായി മെട്രോയില്‍ പാമ്പ് എന്ന അടിക്കുറിപ്പോടെ മദ്യപിച്ചു കിടന്നുറങ്ങുന്നുവെന്ന വ്യാജേന ഒരു മനുഷ്യന്റെ ചിത്രം പ്രചരിച്ചിരുന്നു.
എന്നാല്‍ ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് തെളിഞ്ഞിരിക്കുകയാണ് ഇപ്പോള്‍. മദ്യപിച്ച് മെട്രോയില്‍ കിടന്നുറങ്ങുന്ന ആ മനുഷ്യന്‍ കേള്‍വിശേഷിയും സംസാരശേഷിയുമില്ലാത്ത എല്‍ദോ എന്നയാളാണ്. പ്രചരിക്കുന്ന ചിത്രങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കഴിയാതെ വിഷമിക്കുകയാണ് എല്‍ദോ. മനോരമ വാര്‍ത്താ ചാനലാണ് എല്‍ദോ ആരാണെന്ന് അന്വേഷിച്ചു കണ്ടെത്തിയത്.
അങ്കമാലി കിടങ്ങൂരിലെ ഒരു ചെറിയ വീട്ടിലാണ് എല്‍ദോയുടെ താമസം. രണ്ടു കുട്ടികള്‍ക്കും സംസാരിക്കാന്‍ ശേഷിയില്ലാത്ത ഭാര്യയുമാണ് വീട്ടിലുള്ളത്. എറണാംകുളം ജനറല്‍ ആസ്പത്രിയില്‍ അത്യാസന്ന നിലയില്‍ കഴിയുകയാണ് എല്‍ദോയുടെ അനിയന്‍. അവനെ കണ്ടു മടങ്ങുന്ന വഴിയാണ് തന്റെ നിര്‍ബന്ധത്തിന് വഴങ്ങി എല്‍ദോ മെട്രോയില്‍ കയറുന്നതെന്ന് മകന്‍ ബേസില്‍ പറഞ്ഞു. മരണത്തോട് മല്ലടിക്കുന്ന അനുജനെ കണ്ട മനോവിഷമത്തില്‍ എല്‍ദോ തളര്‍ന്നുറങ്ങുകയായിരുന്നുവെന്ന് എല്‍ദോയുടെ അമ്മ പറഞ്ഞു. ഇത് ആരോ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിക്കുകയായിരുന്നു. മെട്രോയില്‍ പാമ്പ് എന്ന രീതിയില്‍ ചിത്രം വൈറലാവുകയും ചെയ്തു.
ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഓഫീസിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനാണ് എല്‍ദോ. അവിടെയുള്ള സുഹൃത്തുക്കള്‍ക്കും നാട്ടുകാര്‍ക്കും എല്‍ദോയെക്കുറിച്ച് നല്ലതുമാത്രമേ പറയാനുള്ളൂ.