X

ആഭ്യന്തര വകുപ്പിനെതിരെ ഭരണപക്ഷ എം.എല്‍.എ; കേരളത്തിലെ പൊലീസ് നിലാവത്ത് അഴിച്ചു വിട്ട കോഴികളെ പോലെ

കൊച്ചി: കൊച്ചിയില്‍ സിപിഐ മാര്‍ച്ചിനെതിരെയുണ്ടായ പൊലീസ് ലാത്തിചാര്‍ജ്ജില്‍ ആഭ്യന്തര വകുപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ അബ്രഹാം. കേരളത്തിലെ പൊലീസ് നിലാവത്ത് അഴിച്ചു വിട്ട കോഴികളെപ്പോലെയാണെന്ന് പൊലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ എല്‍ദോ എബ്രാഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

വൈപ്പിന്‍ ഗവ.കോളജിലെ എസ്എഫ്‌ഐഎ.ഐ.എസ്.എഫ് സംഘര്‍ഷത്തില്‍ പൊലീസ് പക്ഷപാതപരമായ നിലപാട് സ്വീകരിച്ചുവെന്നും ഞാറയ്ക്കല്‍ സി,ഐക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് സിപിഐയുടെ നേതൃത്വത്തിലാണ് രാവിലെ എറണാകുളം ഡിഐജി ഓഫീസിലേക്കു മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് തടഞ്ഞ പൊലീസ് പ്രവര്‍ത്തകര്‍ക്കെതിരെ ലാത്തി വീശി. എല്‍ദോ എബ്രഹാമിന് പുറത്ത് അടിയേല്‍ക്കുകയും ചെയ്തു.എംഎല്‍എക്ക് പുറമെ സിപിഐ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.

മാര്‍ച്ചില്‍ പ്രകോപനമില്ലാതെയാണ് പൊലീസ് അക്രമം അഴിച്ചുവിട്ടെന്ന് എല്‍ദോ എബ്രഹാം ആരോപിച്ചു. കൊടിയുടെ നിറം നോക്കിയല്ല സിപിഐ സമരത്തിനിറങ്ങുന്നതെന്നും ഭരണപക്ഷത്തിരിക്കുമ്പോളും സമരം ചെയ്യേണ്ട അവസ്ഥയാണെന്നും എല്‍ദോ എബ്രഹാം പ്രതികരിച്ചു.


പൊലീസിനെ നിയന്ത്രിക്കാന്‍ സംവിധാനമില്ലെന്ന അവസ്ഥപോലെയാണ് ഇവരുടെ പെരുമാറ്റം.തങ്ങളുടെ സമരത്തിനു നേരെ മാത്രമല്ല മറ്റെല്ലാ സമരത്തിനു നേരെയുള്ള സമീപനവും ഇതാണ്. കേരളത്തിലെ ആഭ്യന്തര വകുപ്പില്‍ വലിയ കുഴപ്പങ്ങള്‍ സംഭവിക്കുകയാണ്. അതിന്റെ ഒട്ടനവധി ഉദാഹരണങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

തെറ്റു തിരുത്തുന്ന ശക്തിയാണ് സിപിഐ. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും തെറ്റായ നടപടികള്‍ ഉണ്ടായാല്‍ അത് തിരുത്തുന്ന ശക്തിയായി സിപിഐ മാറും. സര്‍ക്കാരിന്റെ പ്രതിച്ഛായയെ നശിപ്പിക്കാനുള്ള പൊലീസിന്റെ അന്യായമായ നടപടികളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. സമരത്തെ കൈകാര്യം ചെയ്യുന്ന രീതി അംഗീകരിക്കാന്‍ കഴിയില്ലെന്നും എല്‍ദോ എബ്രാഹം പറഞ്ഞു. പരിക്കേറ്റ എല്‍ദോ എബ്രാഹമിനെ എറണാകുളം ജനറല്‍ ആസ്ത്രിയില്‍ പ്രവേശിപ്പിച്ചു

Test User: