ബീജിങ്: ചൈനയിൽ ജനക്കൂട്ടത്തിനിടയിലേക്ക് കാർ പാഞ്ഞുകയറി 35 പേർ മരിച്ചു. 43 പേർക്ക് പരിക്കേറ്റു. തെക്കൻ ചൈനയിലെ സുഹായ് നഗരത്തിലെ സ്പോർട്സ് സെന്ററിൽ തിങ്കളാഴ്ച രാത്രി എട്ടോടെയാണ് സംഭവം. വ്യായാമം ചെയ്യുന്നവരുടെ ഇടയിലേക്ക് 62കാരൻ ഓടിച്ച കാർ ഇടിച്ചുകയറുകയായിരുന്നു. 43 പേർക്ക് പരിക്കേറ്റു.
വാഹനമോടിച്ചിരുന്ന 62 കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാർ ഇടിച്ചു കയറ്റിയതിന്റെ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. തിങ്കളാഴ്‌ചയാണ് ആക്രമണം റിപ്പോർട്ട് ചെയ്‌തത്. അപകടമുണ്ടാക്കിയ ശേഷം രക്ഷപ്പെടാൻ ശ്രമിക്കവേയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ഇയാൾ കത്തി കൊണ്ട് സ്വയം കഴുത്തിൽ മുറിവേൽപ്പിച്ചതായും പൊലീസ് അറിയിച്ചു. വിവാഹ മോചനത്തെ തുടർന്നുണ്ടായ മാനസിക സംഘർഷത്തിലായിരുന്നു പ്രതിയെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം.
പൊലീസ് എത്തുമ്പോൾ ഇയാൾ കത്തികൊണ്ട് സ്വയം കുത്തുന്നതാണ് കണ്ടത്. ഉടൻ തന്നെ ഇത് തടയുകയും ഇയാളെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. കഴുത്തിലേറ്റ മാരക മുറിവുകൾ കാരണം ഇയാൾ അബോധാവസ്ഥയിലാണെന്നും പൊലീസ് പറഞ്ഞു. ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ സുഹായ് എയർഷോയുടെ ഒരു ദിവസം മുമ്പാണ് സംഭവം. സംഭവത്തിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. റോഡിൽ മരിച്ചുകിടക്കുന്നവരുടെ മൃതദേഹങ്ങൾ ഇതിൽ കാണാം.