X

കസക്കിലെ കിഴവന്‍- എഡിറ്റോറിയല്‍

മരിച്ചയാള്‍ക്ക് ജീവന്‍ വെപ്പിക്കാനായി വനത്തിലേക്ക് മൃതസഞ്ജീവനി ഔഷധം തേടിപ്പോയ വാനരസ്വാമിയുടെ കഥയുണ്ട് പുരാണേതിഹാസമായ രാമായണത്തില്‍. അതുപോലെ ചിലത് നമ്മുടെ ഭരണാധികാരികളും പില്‍കാലത്ത് പയറ്റിനോക്കിയിട്ടുണ്ട്. അവയിലൊന്നാണ് മധ്യേഷ്യന്‍രാജ്യമായ കസക്‌സ്താനില്‍നിന്ന് അടുത്തിടെ കേട്ടത്. മൂന്നുപതിറ്റാണ്ട്, കൃത്യമായി പറഞ്ഞാല്‍ 29 വര്‍ഷം ഒരു രാജ്യം ഭരിച്ച ഭരണാധികാരിക്കൊരു പൂതി. തന്റെ വാര്‍ധക്യത്തെയും മരണത്തെയും തടഞ്ഞുനിര്‍ത്താന്‍ വല്ല മരുന്നുമുണ്ടോ, ഇല്ലെങ്കില്‍ അത് എത്രയും വേഗം കണ്ടുപിടിക്കണം. അതിനായി തന്റെ രാജ്യത്തെ ഗവേഷകരെയും ഡോക്ടര്‍മാരെയും ഈ ഭരണപുംഗവന്‍ ചട്ടംകെട്ടി. അത്രയകലെയൊന്നുമല്ല, കോവിഡ് കാലമായ 2019ലാണ് പ്രസ്തുതസംഭവം. പഠിച്ചതും അല്ലാത്തതുമായ പണി പത്തൊമ്പതും നോക്കിയിട്ടും ഗവേഷകര്‍ക്ക് മരുന്ന് കണ്ടുപിടിക്കാനായില്ല. ഒടുവില്‍ വയസ് 80 നോടടുക്കവെ കസാക്കിസ്താന്‍ പ്രസിഡന്റ് ജനരോഷത്താല്‍ അധികാര സോപാനത്തിന്റെ പടിയിറങ്ങി. ടിയാന്റെ പേര് നാസര്‍ബയോവ്. നൂര്‍സുല്‍ത്താന്‍ അഭിഷൂലി നാസര്‍ബയേവ് എന്ന് പൂര്‍ണനാമം.

പഴയ സോവിയറ്റ് കമ്യൂണിസ്റ്റ് രാജ്യത്തിന്റെ ഭാഗമായ കസക്‌സ്താനിലെ കമ്യൂണിസ്റ്റ് ഏകാധിപതിയാണ് കക്ഷിയെന്ന് പറയേണ്ടതില്ലല്ലോ. ലോകചരിത്രത്തില്‍ രാജഭരണകാലത്ത് മാത്രമാണ് ഒരു വ്യക്തി നീണ്ട 29 കൊല്ലം രാജ്യത്തിന്റെ ഉന്നതസ്ഥാനം അലങ്കരിക്കുന്നത്. ടിയാന്റെ രാജ്യത്ത് ഇന്ന് കേള്‍ക്കുന്നത് പട്ടിണിയുടെയും തൊഴിലില്ലായ്മയുടെയും വിലക്കയറ്റത്തിന്റെയും ജനകീയ പ്രക്ഷോഭത്തിന്റെയും വാര്‍ത്തകളാണ്. സ്ഥാനമൊഴിയും മുമ്പ് ആജീവനാന്ത കാലത്തേക്ക് രാജ്യത്തലവനായി സ്വയം നിയമനിര്‍മാണം നടത്തിയെങ്കിലും അതെല്ലാം വിട്ടൊഴിഞ്ഞ് രഹസ്യകേന്ദ്രത്തിലേക്ക് ഓടേണ്ടിവന്നു. പകരം താന്‍ രാജ്യത്തിന്റെ പ്രസിഡന്റാക്കിയ കാസിം ജൊമാര്‍ട്ട് ടൊക്കയേവ് ജനങ്ങളുടെ കലാപത്തില്‍ ശ്വാസം മുട്ടുകയാണിപ്പോള്‍. ജനുവരി രണ്ടിലെ പുതുവര്‍ഷ നാളുകളില്‍ കസക്‌സ്താനിലാരംഭിച്ച പ്രക്ഷോഭം നഗരങ്ങളില്‍നിന്ന് നഗരങ്ങളിലേക്ക് പടരുകയാണിപ്പോള്‍.

നാസര്‍ബയോവിനും ടൊക്കയോവിനും എതിരായ വികാരത്തിന്റെ അന്തിത്തള്ളിച്ചയാണ് രാജ്യത്ത് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്; പൊടുന്നനെയുള്ള പ്രക്ഷോഭകാരണം ഇന്ധന വില വര്‍ധനവാണെന്ന് പറയുന്നുണ്ടെങ്കിലും. ജനകീയ പ്രതിഷേധത്തില്‍ തിളച്ചുമറിയുന്ന രാജ്യതലസ്ഥാനമായ അസ്താനയിലും മറ്റും ജനം ഏതുനിമിഷവും അധികാരം പിടിച്ചെടുക്കുമെന്ന സ്ഥിതിയാണ്. തൊട്ടയല്‍ രാജ്യമായ റഷ്യയുടെ പിന്തുണയുള്ളതുകൊണ്ടുമാത്രമാണ് ടൊക്കയേവും നാസറും പിടിച്ചുനില്‍ക്കുന്നത്. അതിനിടെ നാസര്‍ നാടുവിട്ടതായും വാര്‍ത്തയുണ്ട്. വടക്കന്‍ കൊറിയയിലെ കിമ്മിന്റെയത്ര ഇല്ലെങ്കിലും ജനാധിപത്യം പേരിന് അനുവദിച്ചിട്ടുണ്ട് നാസറും സുഹൃത്തും. 1990ല്‍ സോവിയ്റ്റ് യൂണിയനില്‍നിന്ന് വേര്‍പിരിഞ്ഞതിനെതുടര്‍ന്നാണ് ജനാധിപത്യം സ്വീകരിക്കുന്നതായി നാസര്‍ രാജ്യത്തോട് പറഞ്ഞത്. എന്നാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിച്ചത് മൂപ്പരൊറ്റക്ക്. പാര്‍ട്ടിയാകട്ടെ ഒന്നും-നൂര്‍ ഒട്ട. കിട്ടിയത് 98 ശതമാനം വോട്ടെന്ന് രേഖയുണ്ട്. ഇത്രയും ക്രമക്കേട് നടന്നൊരു വോട്ടെടുപ്പ് ലോകത്തുണ്ടായിട്ടില്ലെന്ന ്പാശ്ചാത്യമാധ്യമങ്ങളും. പ്രക്ഷോഭകരെ അടിച്ചമര്‍ത്താനായി കഴിഞ്ഞദിവസം പുട്ടിന്‍ റഷ്യന്‍ സൈന്യത്തെ കസക്‌സ്താനിലേക്ക് അയച്ചെങ്കിലും പൊറുതി മുട്ടിയ ജനം അടങ്ങുന്നമട്ടില്ല. എങ്കില്‍ വെടിവെച്ചുകൊല്ലൂ എന്നാണ് പുതിയ പ്രസിഡന്റ് സൈന്യത്തോട് ആജ്ഞാപിച്ചിരിക്കുന്നത്. പിന്നില്‍നിന്ന് ഭരണം നിയന്ത്രിക്കുന്ന ‘കിഴവന്‍ പുറത്തുപോകൂ’ എന്ന്് ജനം മുദ്രാവാക്യം വിളിക്കുന്നു. വിദേശത്ത് പരിശീലനം ലഭിച്ച ഭീകരരാണ് പ്രക്ഷോഭത്തിന് പിന്നിലെന്നാണ് ടൊക്കയേവ് പറയുന്നത്. സോവിയറ്റ് കാലത്ത് കസക് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിലെ മന്ത്രിയായിരുന്നു നാസര്‍ബയേവ്. ടൊക്കയേവ് അടക്കം ഒരു ഡസന്‍ പ്രധാനമന്ത്രിമാര്‍ കഴിഞ്ഞ 30 കൊല്ലത്തിനിടെ വന്നുപോയി. 1991 മുതല്‍ രാജ്യത്തിന്റെ സായുധ സേനാതലവനായിരുന്ന നാസര്‍ ജനുവരി അഞ്ചിനാണ് പദവി രാജിവെച്ചത്. 2021 വരെ പാര്‍ലമെന്റിന്റെ ചെയര്‍മാനുമായിരുന്നു. 1962ലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയംഗമാകുന്നത്. 1984ല്‍ കസക് പ്രധാനമന്ത്രിയായി. സാറ കൊണകയേവയാണ് ഭാര്യ. രണ്ടു മക്കള്‍.

 

 

Test User: