തുടര്‍ച്ചയായ മൂന്നാം എല്‍ക്ലാസിക്കോ മത്സരത്തിലും റയല്‍മാഡ്രിഡിന് തോല്‍വി തുടര്‍ക്കഥയാവുന്നു. ഒന്നിനെതിരെ രണ്ട് ഗോളുക്കള്‍ക്കാണ് ലാലിഗയിലെ നിര്‍ണായക മത്സരത്തില്‍ ബാഴ്‌സലോണ വിജയം സ്വന്തമാക്കിയത്.
ക്യാമ്പ് നൗവില്‍ നടന്ന പോരാട്ടത്തില്‍ ആദ്യം മുന്നിലെത്തിയത് മാഡ്രിഡായിരുന്നു. കളിയുടെ തുടക്കത്തില്‍ എട്ടാം മിനുറ്റില്‍ തന്നെ അറോഹയുടെ സെല്‍ഫ് ഗോളില്‍ റയല്‍ മുന്നിലെത്തി. എന്നാല്‍ ഒന്നാം പകുതി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കെ സെര്‍ജിയോ റോബേര്‍ടോ ബാഴ്‌സക്കായി സമനില ഗോള്‍ നേടി.
81ആം മിനുറ്റില്‍ അസെന്‍സിയോയിലൂടെ റയല്‍ വല കുലുക്കിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. മത്സരം സമനിലയില്‍ അവസാനിക്കുമെന്ന ഘട്ടത്തിലാണ് ഫ്രാങ്ക് കെസ്സി അവതരിക്കുന്നത്. ഇന്‍ജുറി സമയത്ത് ബാല്‍ഡേ നല്‍കിയ പന്ത് കെസ്സിക്ക് പോസ്റ്റിലേക്ക് തട്ടേണ്ട പണിയേ ഉണ്ടായിരുന്നുള്ളൂ. ഇതോടെ ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സ രണ്ടാമതുള്ള റയലിനേക്കാള്‍ 12 പോയിന്റ് വ്യത്യാസത്തില്‍ കിരീടത്തോട് അടുക്കുകയാണ്.