എലത്തൂര്‍ ട്രെയിന്‍ തീവെപ്പു കേസിലെ പ്രതി ഷാറൂഖ് സെയ്ഫിനെതിരെ കൊലക്കുറ്റം ചുമത്തി. 3 പേരുടെ മരണത്തില്‍ പങ്കുണ്ടെന്നാണ് കണ്ടെത്തല്‍. എന്നാല്‍, പ്രതിക്കെതിരെ യു.എ.പി.എ ചുമത്തുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി റഹ്മത്ത്, സഹോദരിയുടെ മകള്‍ രണ്ടുവയസുകാരി സഹ്‌റ, കണ്ണൂര്‍ സ്വദേശി നൗഫിക്ക് എന്നിവരാണ് മരിച്ചത്.
നേരത്തെ കേസില്‍ ഐപിസി 302 ( കൊലക്കുറ്റം) ചുമത്തിയിരുന്നില്ല. എന്നാല്‍ കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഐപിസി 302 ചുമത്തിയത്. ഐപിസി 307 (വധശ്രമം), 326 (അപകടകരമായി പരിക്കേല്‍പ്പിക്കല്‍), 436 ( സ്ഫോടകവസ്തു ഉപയോഗിച്ച് ആക്രമിക്കല്‍), അതോടൊപ്പം റെയില്‍വേ ആക്ട് പ്രകാരം പൊതുമുതല്‍ നശിപ്പിച്ചതിനുള്ള വകുപ്പും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയാണ് ഷാറൂഖ് സെയ്ഫിയെ റിമാന്‍ഡ് ചെയ്തത്. ഷാറൂഖ് സെയ്ഫിക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് ഇന്നത്തെ മെഡിക്കല്‍ പരിശോധനാ ഫലത്തിലുള്ളത്. ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ വിലയിരുത്തി.