X

എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് പുനരന്വേഷിക്കണം: കെ.എം. ഷാജി

എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ പുനരന്വേഷണം വേണമെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജി വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മൂന്നുപേര്‍ മരിക്കുകയും ഒമ്പതുപേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്ത കേസ് പത്ത് മാസം അന്വേഷിച്ചത് ഇപ്പോള്‍ ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന എ.ഡി.ജി.പി എം.ആര്‍. അജിത്ത് കുമാറാണ്. തുടര്‍ന്നാണ് എന്‍.ഐ.എ കേസ് ഏറ്റെടുത്തത്.

കര്‍ണാടക തെരഞ്ഞെടുപ്പ് അട്ടിമറിക്കുക ലക്ഷ്യമിട്ട് ആസൂത്രണം ചെയ്തതാണ് ട്രെയിന്‍ തീവെപ്പ് എന്നാണ് സംശയിക്കുന്നത്. മുഖ്യമന്ത്രി അറിഞ്ഞാണ് എ.ഡി.ജി.പിയും സംഘ്പരിവാറും ഇക്കാര്യത്തില്‍ ഗൂഢാലോചന നടത്തിയതെന്നും കെ.എം ഷാജി ആരോപിച്ചു.

ഉത്തരേന്ത്യക്കാരനായ ഷാറൂഖ് സെയ്ഫി വന്ന് ട്രെയിനിന് തീയിട്ടതിലും ആ ട്രെയിനില്‍ തന്നെ രക്ഷപ്പെട്ടതിലും അദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാ രേഖകളുമടങ്ങിയ ബാഗ് ട്രെയിനിലുപേക്ഷിച്ചതിലുമെല്ലാം വലിയ ദുരൂഹതയുണ്ട്.

പ്രതി പിടിയിലായതോടെ ഇയാള്‍ ‘ഷഹീന്‍ ബാഗുകാരനല്ലേ’ എന്നാണ് എ.ഡി.ജി.പി മാധ്യമങ്ങള്‍ക്കുമുന്നില്‍ പറഞ്ഞത്. ഷഹീന്‍ ബാഗ് പൗരത്വ സമരം ശക്തമായി നടന്ന സ്ഥലമാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍, ഈ പ്രദേശം തീവ്രവാദികളുടെ സ്ഥലമെന്ന രീതിയിലാണ് എ.ഡി.ജി.പി വിശേഷിപ്പിച്ചത്. പിന്നീട്, അവിടെ നിന്ന് കുറേ പേരെ ചോദ്യം ചെയ്യാനായി കൊച്ചിയില്‍ കൊണ്ടുവന്നു. പിടിച്ചുകൊണ്ടുവന്ന പയ്യന്മാരിലൊരാളുടെ പിതാവ് മുഹമ്മദ് ഷാറൂഖ് കൊച്ചിയിലെ ലോഡ്ജില്‍ പിന്നീട് മരിച്ചു. ആത്മഹത്യയെന്നാണ് പൊലീസ് പറയുന്നതെങ്കിലും ദുരൂഹമാണ് ഈ മരണം. എ.ഡി.ജി.പി കൊല്ലുകയും കൊല്ലിക്കുകയും ചെയ്യുമെന്ന പി.വി. അന്‍വറിന്റെ വാക്കുകള്‍ ഇതോട് ചേര്‍ത്ത് വായിക്കണം.

ഷാറൂഖ് സെയ്ഫി മാത്രമാണ് തീവെപ്പിന് പിന്നിലെന്ന് പറഞ്ഞ എ.ഡി.ജി.പി ഇതുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നോ, പിന്നില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നതൊന്നും അന്വേഷിച്ചില്ല. സിംഗ്ള്‍ തീവ്രവാദി എന്ന നിലക്ക് അന്വേഷണം പൂര്‍ത്തിയാക്കുകയാണ് ചെയ്തത്. ആര്‍.എസ്.എസിന് എല്ലാ സംസ്ഥാനങ്ങളിലും ‘ഡീപ് സ്റ്റേറ്റ് പ്രോജക്ട്’ ഉണ്ട്. മകള്‍ക്കെതിരായ കേസുകള്‍ ഒഴിവായി കിട്ടാന്‍ മുഖ്യമന്ത്രി ഇതിന് കൂട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

webdesk13: