X
    Categories: News

മുഖ്യമന്ത്രി എത്തിയ ഹാളില്‍ നിന്ന് അപമാനിച്ച് പുറത്താക്കി; എളമരം കരീമിനെതിരെ പരാതിയുമായി ഭിന്നശേഷിക്കാരുടെ കൂട്ടായ്മ

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള പര്യടനത്തിന്റെ ഭാഗമായി എത്തിയ കോഴിക്കോട് കാരപറമ്പ് ഹാളില്‍ നിന്നും ഭിന്നശേഷിക്കാരനെ അപമാനിച്ച് പുറത്താക്കിയതായി ആരോപണം. സി.പി.എം നേതാവ് എളമരം കരീം എം.പിക്കെതിരെ കേരള വികലാംഗ സംയുക്ത സമിതി സംസ്ഥാന പ്രസിഡന്റ് ബാലന്‍ കാട്ടുങ്ങലാണ് പരാതിയുമായി രംഗത്തെത്തിയത്. ക്ഷണിക്കാതെ വന്നയാളാണെന്ന് പറഞ്ഞ് എളമരം കരീം പുറത്താക്കുകയായിരുന്നു എന്നാണ് ആരോപണം.

”എല്ലാ സുരക്ഷാ പരിശോധനയും പേരും ഫോണ്‍ നമ്പറും കൗണ്ടറില്‍ നല്‍കി മുഖ്യമന്ത്രിക്ക് മുമ്പില്‍ പരാതി നല്‍കാനാണ് എത്തിയത്. ബോബി ചെമ്മണ്ണൂര്‍ ഹാളിലേക്ക് കടന്നുവന്നു. അദ്ദേഹത്തിന് ഇരിക്കാനായി എന്റെ കസേര ഒഴിഞ്ഞുകൊടുത്തു. സംഘാടകര്‍ മറ്റൊരു കസേര എനിക്കായി തന്നു. അപ്പോള്‍ പി സതീദേവി ഹാളിലേക്ക് കടന്നു വന്നു. ഉടനെ അവര്‍ക്ക് എന്റെ കസേര നല്‍കി. മൂന്നാം തവണ സംഘാടകര്‍ എനിക്ക് വീണ്ടും കസേര തന്നു. എന്നാല്‍ സഖാവ് എളമരം കരീം എന്റെ അടുത്ത് വന്ന് നിങ്ങള്‍ പുറത്ത് പോകണം എന്നും ക്ഷണിക്കാതെ വന്ന ആളാണെന്നും പറയുകയായിരുന്നു.” ബാലന്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

താന്‍ ക്ഷണിച്ചിട്ടാണ് വന്നതെന്നും നിവേദനം കൊടുത്ത് ഉടനെ പോകുമെന്നും പറഞ്ഞെങ്കിലും നിവേദനും ഒരു കുന്തവും കൊടുക്കാനുള്ള ഏര്‍പ്പാടൊന്നും ഇവിടെയില്ലെന്ന് പറഞ്ഞ് ഹാള്‍ വിട്ട് ഉടനെ പുറത്ത് പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു എന്നും ബാലന്‍ പറഞ്ഞു. എളമരം കരീമില്‍ നിന്ന് മുമ്പും ഇത്തരം അനുഭവം ഭിന്നശേഷിക്കാര്‍ക്ക് നേരെ ഉണ്ടായിട്ടുണ്ട്. അന്ന് താന്‍ അടങ്ങുന്ന സംഘം അദ്ദേഹത്തിന്റെ വീട്ടുപടിക്കല്‍ ധര്‍ണ നടത്തിയിട്ടുണ്ട്. അപ്പോള്‍ മുതല്‍ അദ്ദേഹത്തിന് തന്നോട് കടുത്ത വിരോധമുണ്ടെന്നും ബാലന്‍ പറഞ്ഞു. ‘കണ്ണ്‌പൊട്ടനും കാതുപൊട്ടനും കാല് പൊട്ടനും സൗജന്യ യാത്ര ഇളവ് കൊടുത്തതാണ് കെ.എസ്.ആര്‍.ടി.സി നഷ്ടത്തിലാവാന്‍ കാരണം എന്നായിരുന്നു എളമരം കരീമിന്റെ അന്നത്തെ വിവാദ പ്രസ്താവന. ഇനിയും ഇത്തരം സംഭവം ആവര്‍ത്തിച്ചാല്‍ എളമരം കരീമിനെ തെരുവില്‍ തടയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

 

web desk 1: