മിയാമി: 35 വര്‍ഷത്തിനിടെ ഇതാദ്യമായി സ്പാനിഷ് ബദ്ധവൈരികളായ ബാഴ്‌സലോണയും റയല്‍ മാഡ്രിഡും വിദേശ മണ്ണില്‍ എല്‍ ക്ലാസിക്കോയ്ക്കായി ബൂട്ടു കെട്ടുന്നു. ഞായറാഴ്ച (30ന് ) രാവിലെ ഇന്ത്യന്‍ സമയം 5.35നാണ് ലോകം കാത്തിരിക്കുന്ന മത്സരം. ലാ ലീഗ സീസണു മുന്നോടിയായുള്ള സന്നാഹ മത്സരത്തിനാണ് മിയാമിയിലെ ഹാര്‍ഡ് റോക് സ്‌റ്റേഡിയം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.
അമേരിക്കയില്‍ ഇരു ടീമുകളും ആദ്യമായി ഏറ്റുമുട്ടുന്നുവെന്ന പ്രത്യേകതയും മത്സരത്തിനുണ്ട്. 1982ലാണ് ഇതിനു മുമ്പ് അവസാനമായി ഇരു ടീമുകളും വിദേശ മണ്ണില്‍ ഏറ്റുമുട്ടിയത്. ലോകകപ്പിന് തൊട്ട് മുമ്പ് നടന്ന മത്സരം യൂറോപില്‍ ടെലിവിഷനില്‍ പോലും പ്രദര്‍ശിപ്പിച്ചതുമില്ല. സന്നാഹ മത്സരമാണെങ്കിലും ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പ് മത്സരത്തില്‍ ഇരു ടീമുകളും ഏറ്റുമുട്ടുമ്പോള്‍ അത് വരും വര്‍ഷങ്ങളില്‍ പോലും കായിക കലണ്ടറില്‍ സ്ഥിരമായി രേഖപ്പെടുത്തുമെന്ന് ഉറപ്പാണ്. മത്സരത്തിന്റെ നിമിഷങ്ങള്‍ പ്രേക്ഷകരിലെത്തിക്കാന്‍ ടിവി ചാനലായ ഇ.എസ്.പി.എന്‍ 25 റിപ്പോര്‍ട്ടര്‍മാരെയാണ് മിയാമിയിലെത്തിച്ചിരിക്കുന്നത്.
ഇത് തന്നെ മത്സരത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതാണ്. 65,326 സീറ്റുകളുള്ള സ്റ്റേഡിയത്തില്‍ മത്സരത്തിനായുള്ള ടിക്കറ്റുകള്‍ നേരത്തെ തന്നെ വിറ്റഴിഞ്ഞതാണ്. കരിഞ്ചന്തയില്‍ ടിക്കറ്റുകള്‍ വില്‍ക്കുന്നത് 900 ഡോളറിനാണ് (57,000ല്‍ അധികം ഇന്ത്യന്‍ രൂപ). ട്രാവല്‍ കമ്പനികള്‍ ടിക്കറ്റ്, താമസം എന്നിവ അടങ്ങിയ എല്‍ ക്ലാസിക്കോ പാക്കേജുകള്‍ പോലും പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ആരംഭിക്കുന്നത് തന്നെ 750 ഡോളറിന് മുകളിലാണ്. ഇരു ടീമുകളും സീസണു മുന്നോടിയായുള്ള സന്നാഹ മത്സരങ്ങള്‍ കഴിഞ്ഞ രണ്ടാഴ്ചയായി അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ കളിച്ചു കൊണ്ടിരിക്കുകയാണ്.
എങ്കിലും റയലും ബാഴ്‌സയും തമ്മില്‍ നേര്‍ക്കു നേര്‍ ഏറ്റുമുട്ടുമ്പോള്‍ സവിശേഷതകള്‍ ഏറുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ബാഴ്‌സ വിട്ട് പാരീസ് സെന്റ് ജര്‍മയ്‌നിലേക്കു കൂടുമാറുമെന്ന അഭ്യൂഹത്തിനിടെ കഴിഞ്ഞ രണ്ട് സന്നാഹ മത്സരങ്ങളിലും ടീമിന് ജയം നേടിക്കൊടുത്ത ബ്രസീല്‍ താരം നെയ്മറിന്റെ പ്രകടനമാണ് ബാഴ്‌സ ടീമില്‍ ഏവരും ഉറ്റു നോക്കുന്നത്.
ഒപ്പം പുതിയ കോച്ച് ഏണസ്‌റ്റോ വാല്‍വര്‍ദേ ചുമതല ഏറ്റ ശേഷം റയലിനെ നേരിടുന്ന ആദ്യ മത്സരം എന്ന സവിശേഷതയും നാളത്തെ മത്സരത്തിനുണ്ട്. യുവന്റസ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്നീ കരുത്തന്‍മാരെ തോല്‍പിച്ച് പ്രീ സീസണില്‍ ഇതുവരെ മികച്ച പ്രകടനമാണ് ബാഴ്‌സ കാഴ്ചവെച്ചിട്ടുള്ളത്. അതേ സമയം സീസണു മുന്നോടിയായി സ്റ്റാര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ കൂടാതെ സന്നാഹ മത്സരത്തിനിറങ്ങിയ സിദാന്റെ സംഘം പ്രീമിയര്‍ ലീഗിലെ കരുത്തന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയോട് 4-1നും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് പെനാല്‍റ്റി ഷൂട്ടൗട്ടിലും തോല്‍വി ഏറ്റുവാങ്ങുകയും ചെയ്തു. റൊണാള്‍ഡോയുടെ അഭാവത്തില്‍ ഗാരത് ബെയ്ല്‍, കരീം ബെന്‍സീമ, ഇസ്‌കോ ത്രയമായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ സിദാന്‍ റയലിന്റെ മുന്‍ നിരയില്‍ ഇറക്കിയിരുന്നത്.
ഇതേ കോമ്പിനേഷന്‍ തന്നെയായിരിക്കും ബാഴ്‌സക്കെതിരേയും ഇറങ്ങുകയെന്നാണ് സൂചന. അതേ സമയം മധ്യ നിരയില്‍ മാറ്റിയോ കോവാസിച്ചിന് പകരം ടോണി ക്രൂസ് ഇറങ്ങിയേക്കും. അതേ സമയം പരിക്കേറ്റ ജെറാഡ് ഡീലോഫ്യൂ, റഫീഞ്ഞ എന്നിവര്‍ ബാഴ്‌സ നിരയില്‍ കളിച്ചേക്കില്ല. മെസി, സുവാരസ്, നെയ്മര്‍ എം.എസ്.എന്‍ ത്രയം തന്നെയാണ് ബാഴ്‌സക്കു വേണ്ടി മുന്‍നിരയില്‍ കളിക്കുക. മത്സരം ഇന്ത്യയില്‍ സോണി ടെന്‍ 2, സോണി ടെന്‍ 2 എച്ച്.ഡി ചാനലുകളിലും സോണി ലിവില്‍ തത്സമം കാണാം.
- 7 years ago
chandrika