മാഡ്രിഡില്‍ നിന്നും ഷരീഫ് ചിറക്കല്‍
ഇന്നാണ് ആ അങ്കം. സാന്‍ഡിയാഗോ ബെര്‍ണബുവിലെ അതിഗംഭീര മൈതാനത്തെ സാക്ഷി നിര്‍ത്തി പറഞ്ഞാല്‍ ലോകം കാതോര്‍ക്കുന്ന എല്‍ക്ലാസിക്കോ. ഈ റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ നല്ല തണുപ്പാണിവിടെ. രാത്രിയില്‍ നല്ല തണുപ്പും പകല്‍ വേളയില്‍ ഇരുപത് ഡിഗ്രിയോളം ചൂടുമുള്ള സാമാന്യം മെച്ചപ്പെട്ട കാലാവസ്ഥ. സൂര്യന്‍ രാത്രി ഒമ്പത് മണിയോളം ആകാശത്തുണ്ടാവും. പകല്‍ അധികവും രാത്രി അല്‍പ്പവും മാത്രം. സ്‌റ്റേഡിയത്തിലേക്ക് കാണികളുടെ ഒഴുക്ക് എന്ന് പറയുന്നതിനേക്കാള്‍ മാഡ്രിഡ് ഒഴുക്ക് എന്ന് പറയുന്നതാവും നല്ലത്-റയല്‍ തന്നെ ജയിക്കുമെന്ന് ഉച്ചത്തില്‍ പാടിപാടി ആയിരങ്ങള്‍. കളി ഇന്നാണെങ്കിലും ഇന്നലെ തന്നെ മാഡ്രിഡുകാര്‍ ആഘോഷം തുടങ്ങിയിട്ടുണ്ട്.
പരിശീലന മൈതാനത്ത് എല്ലാവരും ഇന്നലെ വൈകുന്നേരം മുതല്‍ സജീവമാണ്. ചിരിച്ചും കളിച്ചും തമാശ പറഞ്ഞും കൃസ്റ്റിയാനോ റൊണാള്‍ഡോയും സംഘവും. അല്‍പ്പമധികം ഗൗരവ ഭാവത്തില്‍ ബാര്‍സിലോണക്കാരും. ബാര്‍സ സംഘത്തിനൊപ്പം മെസിയും നെയ്മറും സുവാരസും പിക്കെയുമെല്ലാമുണ്ട്. നെയ്മര്‍ സസ്‌പെന്‍ഷന്‍ കാരണം ഇന്നത്തെ മല്‍സരത്തില്‍ കളിക്കുന്നില്ലെങ്കിലും പരിശീലനത്തില്‍ സജീവമാണ്. രണ്ട് മണിക്കൂറോളം അവര്‍ മൈതാനത്തുണ്ടായിരുന്നു.
മാഡ്രിഡുകാര്‍ പറയുന്നത് കേള്‍ക്കുക: ഞങ്ങള്‍ തന്നെ ജയിക്കും. വെറുതെ ആവേശവര്‍ത്തമാനമല്ല. കാരണങ്ങളുണ്ട്. 1- പോയന്റ് ടേബിളില്‍ വ്യക്തമായ മുന്‍ത്തൂക്കം. 2- ടീം നല്ല ആത്മവിശ്വാസത്തിലാണ്. ചാമ്പ്യന്‍സ് ലീഗിലെ സെമി ബെര്‍ത്തിലൂടെ ആരെയും ഏത് സമയത്തും തോല്‍പ്പിക്കാനാവും. 3-കൃസ്റ്റിയാനോ റൊണാള്‍ഡോയുടെ ഫോം. ജെറാത്ത് ബെയില്‍ പരുക്കില്‍ നിന്നും മുക്തനായിരിക്കുന്നു. 4-സിദാന്‍ എന്ന ആശാന്‍. ഈ നാല് ഘടകങ്ങളാണ് മാഡ്രിഡിയന്‍സ് എന്ന മാഡ്രിഡുകാര്‍ ഉയര്‍ത്തുന്നത്. പക്ഷേ ബാര്‍സക്കായി സംസാരിക്കാന്‍ ഇവിടെ ആരുമില്ല. ബാര്‍സയുടെ ജഴ്‌സി അണിഞ്ഞാല്‍ തന്നെ പ്രശ്‌നമാണ്. മുന്നില്‍ കാണുന്ന എല്ലാവരും റയലിന്റെ വെളുത്ത ജഴ്‌സിയിലാണ്. സമ്മര്‍ദ്ദമല്‍പ്പമധികമാണ് ബാര്‍സ ക്യാമ്പില്‍. ചാമ്പ്യന്‍സ് ലീഗിലെ തോല്‍വി തന്നെ പ്രധാനം. യുവന്തസിന് മുന്നില്‍ തകര്‍ന്നത് ടീമിന്റെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ട്. സസ്‌പെന്‍ഷന്‍ കാരണം നെയ്മറിനെ പോലെ പ്രതിഭാശാലിയായ താരത്തിന് കളിക്കാന്‍ കഴിയാത്തത്. നിരന്തര മല്‍സരങ്ങള്‍ കാരണം പ്രമുഖരെല്ലാം പരുക്കിലും ക്ഷീണത്തിലുമാവുമ്പോള്‍ നല്ല പകരക്കാരെ വെക്കാന്‍ കഴിയാത്ത ദുരവസ്ഥ വെറെയും. പക്ഷേ ജയം മാത്രമാണ് വിമര്‍ശകര്‍ക്കുള്ള മറുപടി എന്ന് മെസിക്കും സംഘത്തിനുമറിയാം. ഇന്നും തോറ്റാല്‍ പിന്നെ ടീമിനെ എല്ലാവരും എഴുതിത്തള്ളുമെന്ന സത്യവും അവര്‍ മനസ്സിലാക്കുന്നു. റയലിന് വ്യക്തമായ ലീഡും ലഭിക്കും.
ഇരു ക്യാമ്പിലും ആരോഗ്യ പ്രശ്‌നങ്ങളില്ല എന്നാണ് രണ്ട് ക്ലബുകളുടെയും വെബ് സൈറ്റുകള്‍ വിശദീകരിക്കുന്നത്. ആറ് മല്‍സരങ്ങള്‍ മാത്രമാണ് ഇനി ലാലീഗയില്‍ ബാക്കി. പക്ഷേ ഇന്നത്തെ മല്‍സരഫലം ചാമ്പ്യന്മാരെ നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാണെന്ന് എല്ലാവര്‍ക്കുമറിയാം. അതാണ് മല്‍സരത്തിന്റെ പ്രസക്തിയും.