ബാര്‍സിലോണ: ഇന്ന് സൂപ്പര്‍ എല്‍ ക്ലാസിക്കോ പോരാട്ടം. ലാലീഗ ചാമ്പ്യന്‍പ്പട്ടം ഇതിനകം സ്വന്തമാക്കി കഴിഞ്ഞ ബാര്‍സിലോണയുടെ ലക്ഷ്യം വ്യക്തം-സീസണിലെ അപരാജിത യാത്ര തുടരണം. റയല്‍ മാഡ്രിഡിന്റെ മോഹം 27ന് കീവില്‍ നടക്കാനിരിക്കുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് മുമ്പ് എല്‍ ക്ലാസികോ വിജയവുമായി ഒന്ന് ഒരുങ്ങണം. രണ്ട് പ്രഖ്യാപിത ശത്രുക്കള്‍ മുഖാമുഖം വരുമ്പോള്‍ തീപ്പാറും നുവോ കാമ്പില്‍. സ്വപ്‌നതുല്യമായ യാത്രയാണ് സീസണില്‍ മെസിയും സംഘവും നടത്തുന്നത്. ഇത് വരെ ഒരു കളിയും തോറ്റിട്ടില്ല. ലാലീഗയിലെ റെക്കോര്‍ഡാണിത്. സീസണില്‍ ഇനി മൂന്ന് മല്‍സരങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ ഇന്ന് തോല്‍ക്കാതിരുന്നാല്‍ രക്ഷപ്പെട്ടു എന്നതാണ് ടീമിന്റെ മോഹം. എല്ലാവരെയും തോല്‍പ്പിക്കാനായതിലെ സന്തോഷം ചെറുതല്ല. സെവിയെക്ക് മുന്നില്‍ ഇടക്കൊന്ന് പതറിയെങ്കിലും പിന്നീട് ആ നിരാശ അകറ്റി. അവസാന മല്‍സരത്തില്‍ ഡി്‌പ്പോര്‍ട്ടീവോ ലാ കോരുണക്ക് നാല് ഗോളുകളാണ് ബാര്‍സ സമ്മാനിച്ചത്. ഇതില്‍ മൂന്നും മെസിയുടെ ബൂട്ടില്‍ നിന്നായിരുന്നു.
കപ്പ് സ്വന്തമാക്കിയതിന്റെ ആഹ്ലാദത്തിലാണ് ഇപ്പോഴും എല്ലാവരും. പക്ഷേ സ്വന്തം മൈതാനത്ത് അതൊന്ന് ആഘോഷമാക്കാനാണ് എല്ലാവര്‍ക്കും താല്‍പ്പര്യം. അത് റയലിനെ തോല്‍പ്പിച്ചാവുമ്പോള്‍ ആവേശം ഇരട്ടിയാവും. രണ്ട് ദിവസം മുമ്പ് ബാര്‍സ താരങ്ങളെല്ലാം കുടുംബസമേതം ആഘോഷത്തിലായിരുന്നു. ഇന്നലെ പരിശീലനത്തില്‍ എല്ലാവരും സജീവമായിരുന്നു. മെസിയും സുവാരസും കൂട്ടീന്യോയും ഉള്‍പ്പെടുന്ന മുന്‍നിരയില്‍ തന്നെയാണ് ആരാധകരുടെ പ്രതീക്ഷകള്‍.
സൈനുദ്ദീന്‍ സിദാന്റെ യൂറോപ്യന്‍ ചാമ്പ്യന്‍ സംഘം അവകാശ വാദങ്ങള്‍ക്കൊന്നും മുതിരുന്നില്ല. ലാലീഗ കിരീടം നഷ്ടമായെങ്കിലും ഇന്ന് ജയിച്ചാല്‍ ബാര്‍സയുടെ ആഘോഷം കലക്കാന്‍ കഴിയുമെന്ന് അവര്‍ക്കറിയാം. കൃസ്റ്റിയാനോ തന്നെ ടീമിന്റെ തുരുപ്പ് ചീട്ട്. ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍ രണ്ടാം പാദത്തില്‍ രണ്ട് ഗോളുകള്‍ നേടിയ കരീം ബെന്‍സേമ, ജെറാത്് ബെയില്‍ എന്നിവരെയും ഇന്ന് സിദാന്‍ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തുമെന്നാണ് കരുതുന്നത്. എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ പലപ്പോഴും സിദാന്റെ സംഘം പിറകോട്ട് പോയിട്ടുണ്ട്. ഇത്തവണ ആ കുറവ് നികത്തണമെന്ന ആവേശമുണ്ട് താരങ്ങള്‍ക്ക്.
സീസണില്‍ ഇതിനകം രണ്ട് മേജര്‍ കിരീടങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നു ബാര്‍സിലോണ. കിംഗ്‌സ് കപ്പും ലാലീഗയും. റയലിനാവട്ടെ ഇത് വരം ഒന്നും ലഭിച്ചിട്ടില്ല. ചാമ്പ്യന്‍സ് ലീഗാണ് അവരുടെ നോട്ടവും പ്രതീക്ഷയും. ആ കിരീടം സ്വന്തമാക്കിയാല്‍ എല്ലാ കുറവുകളും നികത്താന്‍ കഴിയുമെന്നും അവര്‍ കരുതുന്നു.